അഭിമന്യു കൊലക്കേസ്; കോടതിയുടെ കർശന താക്കീതിന് പിന്നാലെ 16 പ്രതികളും ഹാജരായി, കുറ്റം നിഷേധിച്ചു

കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു
കൊച്ചി: എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കോടതിയിൽ ഹാജരായി. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പ്രതികളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായത്. കഴിഞ്ഞ രണ്ടുതവണയും ഇവർ എത്തിയിരുന്നില്ല. കടുത്ത നടപടി നേരിടേണ്ടി വരുമെന്ന വിചാരണക്കോടതിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പ്രതികൾ കോടതിയിലെത്തിയത്. വിചാരണ സമയത്ത് എന്ത് ചെയ്യുമെന്ന് ചോദിച്ച കോടതി, പ്രതികൾക്ക് ഇനി അവധിയില്ലെന്നും താക്കീത് നൽകിയിരുന്നു.
മാദ്ധ്യമസാന്നിദ്ധ്യവും താമസസ്ഥലങ്ങളിൽ നിന്നുള്ള ദൂരവും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ കോടതിയിൽ ഹാജരാകാതിരുന്നത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കോടതി കൂടുതൽ വകുപ്പുകൾ ചുമത്തിയതിനാൽ പുതിയ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനാണ് പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. പുതിയ കുറ്റപത്രം പ്രതികൾക്ക് വായിച്ചുകേൾപ്പിച്ചു. എന്നാൽ എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. വിചാരണ പതിനേഴാം തീയതി ഷെഡ്യൂൾ ചെയ്യാനും കോടതി തീരുമാനിച്ചു.
കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. 16 പ്രതികളാണ് ആദ്യഘട്ടത്തിൽ വിചാരണ നേരിടുന്നത്. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 26 പേരാണ് കേസിലെ പ്രതികൾ.
2018 ജൂലായ് രണ്ടിന് അർദ്ധരാത്രിയിലാണ് എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു കൊല്ലപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്തിന് മുകളിൽ ‘വർഗീയത തുലയട്ടെ’ എന്ന് എഴുതിയതാണ് അരുംകൊലയിൽ കലാശിച്ചത്.
English Summary
Sixteen Campus Front and Popular Front activists, accused in the murder of SFI activist Abhimanyu, appeared before the Ernakulam Principal Sessions Court after previous absences and a court warning. A new chargesheet was read, but all accused denied guilt. The court scheduled the trial for the 17th, aiming for completion within four months as per High Court directive.


