NEWS

കൗൺസിലർമാർക്ക് തിരുവനന്തപുരത്ത് ബിജെപിയുടെ സ്വീകരണം: ചിത്രങ്ങൾ പുറത്തു വന്നതോടെ സിപിഎമ്മിലും ലീഗിലും വിവാദം


കോഴിക്കോട്∙ കോർപറേഷൻ പ്രതിനിധി സംഘം തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ സ്വീകരണം ഏറ്റുവാങ്ങിയത് വിവാദത്തിൽ. മേയർ ഒ.സദാശിവൻ അടക്കമുള്ള കോർപറേഷൻ കൗൺസിലർമാരുടെ പ്രത്യേക സംഘം ബിജെപി മേയർ വി.വി.രാജേഷിന്റെ സ്വീകരണം ഏറ്റുവാങ്ങിയതാണു വിവാദമാകുന്നത്. മേയർ ഒ.സദാശിവനെ വി.വി.രാജേഷ് ഷാൾ അണിയിച്ചു സ്വീകരിക്കുന്നത് അടക്കമുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെ സിപിഎമ്മിൽ നിന്ന് എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. എൽഡിഎഫ് പ്രതിനിധികൾക്കൊപ്പം മുസ്‍ലിം ലീഗ് നേതാവ് എസ്.വി.മുഹമ്മദ് ഷമീൽ തങ്ങളും സ്വീകരണത്തിൽ പങ്കെടുത്തത് ലീഗിലും വലിയ ചർച്ചയായിട്ടുണ്ട്.തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്കെതിരായ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തിനു കഴിഞ്ഞ ദിവസം സിപിഎം പിന്തുണ നൽകിയിരുന്നില്ല. ഇതിനിടെയാണ് കോഴിക്കോട്ടെ മേയർ അടക്കമുള്ളവർ തിരുവനന്തപുരത്തെത്തി ബിജെപി മേയറുടെ സ്വീകരണം ഏറ്റുവാങ്ങിയത്. കോർപറേഷന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും കാണാനാണു സംഘം തിരുവനന്തപുരത്തേക്കു പോയത്. ഇവരെ കണ്ടു മടങ്ങുന്നതിനിടെയാണു തിരുവനന്തപുരം കോർപറേഷനിലെത്തിയത്. 


Source link

Back to top button