HEALTH

അട്ടപ്പാടിയിൽ ഗർഭിണികൾക്കായി സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതികൾ

പാലക്കാട്: അട്ടപ്പാടിയിലെ ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ദീർഘകാലാടിസ്ഥാനത്തിലും അല്ലാതെയും ഫലപ്രദമായ കർമ്മപദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. അഗളി സിവിൽ സ്റ്റേഷനിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ധ ചികിത്സ അത്യാവശ്യമായ ഗർഭിണികളെ തൃശൂർ പോലുള്ള മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് മാറ്റി അടിയന്തര പരിചരണം ഉറപ്പാക്കും. കൂടാതെ, ഗർഭിണികൾക്ക് ‘അമ്മ വീടുകളിൽ’ ആരോഗ്യപ്രവർത്തകരുടെ കൃത്യമായ മേൽനോട്ടത്തിൽ ചികിത്സ ലഭ്യമാക്കും. നവജാത ശിശുക്കളെയും അമ്മമാരെയും ബാധിക്കുന്ന സിക്കിൾ സെൽ അനീമിയ, ജനിതക വൈകല്യങ്ങൾ തുടങ്ങിയവയ്ക്ക് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ പഠനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു.

പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണുകൾ കൂടുതൽ കാര്യക്ഷമമാക്കും. ഊരുകളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ആരോഗ്യമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന് പുതിയ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ആരോഗ്യവകുപ്പിന് ലഭ്യമായിട്ടുണ്ട്. വകുപ്പുതലത്തിൽ പരിഹരിക്കപ്പെടേണ്ട വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കും. പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ അടുത്ത മാസം വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ അട്ടപ്പാടിയിൽ കണ്ടെത്തിയിട്ടുള്ള 75 ഗർഭിണികൾക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിചരണം നൽകി വരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു കെ. തോമസ് അറിയിച്ചു. അട്ടപ്പാടിയിൽ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു.

അഗളി പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് അധ്യക്ഷത വഹിച്ച യോഗത്തിൽ, പുതൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കവേലു, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. ചിത്ര, ജില്ലാ പഞ്ചായത്ത് അംഗം വി.എം. ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി രേശൻ, സബ് കലക്ടറുടെ അധികച്ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ പി.കെ. മണികണ്ഠൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Life Style ⏭️

Back to top button