NEWS

ലോട്ടറി ടിക്കറ്റിലെ അക്കം തിരുത്തി തട്ടിപ്പ്; 5 മാറ്റി 3 ആക്കി യുവാവിന്റെ കൃത്രിമം

കൊല്ലം∙ ലോട്ടറി ടിക്കറ്റിലെ അക്കങ്ങൾ തിരുത്തി വയോധികനെ പറ്റിച്ച് പണം തട്ടിയതായി പരാതി. വാളതുംഗൽ ഗുരുമന്ദിരത്തിന് സമീപം പപ്പടവും ലോട്ടറിയും വിറ്റ് ഉപജീവനം നടത്തുന്ന എഴുപത്തിയഞ്ചുകാരനായ ചാണയിൽ തിട്ടയിൽ മോഹനനാണ് തട്ടിപ്പിനിരയായത്. അജ്ഞാതനായ ഒരാൾ മോഹനനെ സമീപിച്ച് വഞ്ചിക്കുകയായിരുന്നു.

ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം നടന്നത്. തൻ്റെ കയ്യിൽ സമ്മാനം ലഭിച്ച രണ്ട് ടിക്കറ്റുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവാവ് മോഹനനെ സമീപിച്ചത്. ടിക്കറ്റിലെ അവസാന അക്കമായ അഞ്ച് എന്നത് മൂന്നാക്കി തിരുത്തിയാണ് ഇയാൾ ആയിരം രൂപ തട്ടിയെടുത്തത്. ഇതിനുപുറമെ, മറ്റൊരു ടിക്കറ്റിനും സമ്മാനമുണ്ടെന്ന് പറഞ്ഞ് വയോധികനെ വീണ്ടും തെറ്റിദ്ധരിപ്പിച്ചു. എന്നാൽ, ആ തുക നൽകാൻ കൈവശം പണമില്ലെന്ന് മോഹനൻ അറിയിച്ചതോടെ, നേരത്തെ വാങ്ങിയ ആയിരം രൂപയുമായി യുവാവ് സ്ഥലം വിടുകയായിരുന്നു.

മറ്റൊരാളുടെ ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്നയാളാണ് മോഹനൻ. പിന്നീട് ടിക്കറ്റുകൾ ഏൽപ്പിച്ച വ്യക്തിയെ വിളിച്ചപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം അദ്ദേഹം തിരിച്ചറിയുന്നത്. ദിവസക്കൂലികൊണ്ട് മാത്രം ജീവിക്കുന്ന തനിക്ക് ഈ ആയിരം രൂപ വലിയൊരു നഷ്ടമാണെന്നും അതീവ ദുഃഖത്തോടെ മോഹനൻ പറഞ്ഞു.

Fashion ⏭️

Back to top button