NEWS

വെളുത്തുള്ളി 220, മുരിങ്ങക്കായ 150: പച്ചക്കറി വിലയിൽ വൻ വർധന

കൽപറ്റ ∙ സാധാരണക്കാരുടെ അടുക്കള ബജറ്റിനെ പിടിച്ചുലച്ചുകൊണ്ട് പച്ചക്കറി വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുന്നു. സവാള, ബീൻസ്, പച്ചമുളക്, ചെറിയ ഉള്ളി, പാവയ്ക്ക, മുരിങ്ങയ്ക്ക തുടങ്ങി ദൈനംദിന ആവശ്യത്തിനുള്ള മിക്ക പച്ചക്കറികളുടെയും വില കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കുത്തനെ ഉയർന്നു. വിപണിയിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്നത് വെളുത്തുള്ളിക്കാണ്; കിലോയ്ക്ക് 220 രൂപയാണ് ഇന്നലത്തെ വില. ചെറിയ ഉള്ളിക്ക് 170 രൂപയും മുരിങ്ങയ്ക്കയ്ക്ക് 150 രൂപയും നൽകേണ്ട അവസ്ഥയാണ്. ചെറുനാരങ്ങയുടെ വില 130 രൂപയിലെത്തി നിൽക്കുന്നു. സവാളയുടെ വില 60 രൂപയായി ഉയർന്നു. കഴിഞ്ഞയാഴ്ച 40 മുതൽ 50 രൂപ വരെയായിരുന്ന കാരറ്റിന്റെ വില ഇപ്പോൾ 80 രൂപയിലെത്തി. പാവയ്ക്കയുടെ വിലയും 70 രൂപയെന്ന ഉയർന്ന നിലവാരത്തിലെത്തി. ബീൻസിന് കിലോയ്ക്ക് 80 രൂപയും പച്ചമുളകിന് 70 രൂപയുമാണ് ഇന്നലത്തെ നിരക്ക്. തക്കാളിയും ഉരുളക്കിഴങ്ങും 35 രൂപ നിരക്കിലും ബീറ്റ്റൂട്ട് 50 രൂപ നിരക്കിലുമാണ് വിൽക്കുന്നത്. വള്ളിപ്പയറിന് 60 രൂപയും വഴുതനയ്ക്കും വെണ്ടയ്ക്കയ്ക്കും 50 രൂപ വീതവുമാണ് വില. കാബേജ്, മത്തൻ എന്നിവയ്ക്ക് 30 രൂപ വീതം നൽകണം.

കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങളും തുടർച്ചയായ മഴയും വെള്ളക്കെട്ടും കാരണം കൃഷി നശിച്ചതും വിളവെടുപ്പിലെ ഇടിവുമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞതും വിപണിയിൽ പ്രതിസന്ധി രൂക്ഷമാക്കി. പച്ചക്കറി വിലയിലെ ഈ വർധന ഹോട്ടൽ മേഖലയെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഭക്ഷണ പദാർത്ഥങ്ങൾ പാകം ചെയ്യുന്നതിനുള്ള ചെലവ് അനിയന്ത്രിതമായി വർധിച്ചതോടെ, പല ഹോട്ടലുകളും വിലയേറിയ പച്ചക്കറികൾ ഒഴിവാക്കിയും വാങ്ങൽ കുറച്ചും പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലവർധനവ് സൃഷ്ടിച്ച ആഘാതത്തിന് പിന്നാലെ പച്ചക്കറി വിലകൂടി കുതിച്ചുയർന്നതോടെ ഹോട്ടൽ ഉടമകൾ ഇരട്ട പ്രഹരമാണ് നേരിടുന്നത്.

Fashion ⏭️

Back to top button