ദേശീയപാത അതിർത്തി നിർണയം: കെ-റെയിൽ കുറ്റികൾ ഉപയോഗിച്ചതിൽ കൊല്ലത്ത് പ്രതിഷേധം

കൊല്ലം ∙ സിൽവർലൈൻ പദ്ധതിക്കായി നേരത്തെ തയാറാക്കിയ കെ-റെയിൽ കുറ്റികൾ ദേശീയപാതയുടെ അതിരടയാളങ്ങൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്നത് വിവാദമാകുന്നു. ചാത്തന്നൂരിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി അതിർത്തി നിർണയിക്കാൻ ആരംഭിച്ചിരിക്കുന്നത് കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകളാണ്. കൊല്ലം ദിശയിലേക്കുള്ള സർവീസ് റോഡിന്റെ വശങ്ങൾ തിട്ടപ്പെടുത്താനാണ് ഈ കുറ്റികൾ ഉപയോഗിക്കുന്നത്.
മുൻപ് കെ-റെയിൽ പദ്ധതിക്കായി നിർമിച്ച കുറ്റികളിൽ മഞ്ഞ നിറം പൂശി, അതിനു മുകളിൽ എൻഎച്ച്എഐ (ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ) എന്ന് എഴുതിച്ചേർത്താണ് ഇവ അതിർത്തി കല്ലുകളായി നാട്ടുന്നത്. എന്നാൽ, ഔദ്യോഗിക സർവേയറുടെ സാന്നിധ്യമില്ലാതെയാണ് ഈ നടപടികളെന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ശാസ്ത്രീയമായ അളവെടുപ്പുകളോ കൃത്യമായ സ്ഥലപരിശോധനയോ കൂടാതെ നടത്തുന്ന ഈ കല്ലിടൽ ദേശീയപാതയുടെ അലൈൻമെന്റിൽ അപാകതകൾ സൃഷ്ടിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
നേരത്തെ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ സർവേ നടത്തി 20 മീറ്റർ, 40 മീറ്റർ എന്നിങ്ങനെ ഇടവിട്ടാണ് കല്ലുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ പാത വികസന ജോലികൾക്കിടയിൽ ഈ കല്ലുകൾ പലതും നീക്കം ചെയ്യപ്പെട്ടു. നിലവിൽ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് പഴയ കല്ലുകൾ അവശേഷിക്കുന്നത്. പണ്ട് അതിർത്തി നിശ്ചയിച്ച ഇടങ്ങളിൽ നിന്ന് മാറി പുതിയ കുറ്റികൾ സ്ഥാപിക്കുന്നത് അലൈൻമെന്റിൽ മാറ്റങ്ങൾ വരുത്താനും, ഭാവിയിൽ ഭൂമിയുടെ അതിർത്തി സംബന്ധമായ തർക്കങ്ങൾക്കും കാരണമാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.




