NEWS

ഡീസൽ വിലവർധന: 43 രൂപയുടെ ബാധ്യത ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ രാജ്യത്ത് ഡീസൽ വിലയിൽ ഏഴു രൂപയുടെ വർധനവുണ്ടായ സംഭവത്തിൽ നിർണായക വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. കഴിഞ്ഞ മേയ് മാസത്തിൽ പൊതുമേഖലാ എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ നിരക്കുകൾ ശരാശരി ഏഴു രൂപ വീതം വർധിപ്പിച്ചിരുന്നു. ഇതോടെ തിരുവനന്തപുരത്ത് ഡീസൽ വില 104.40 രൂപയായും പെട്രോൾ വില 115.49 രൂപയായും ഉയർന്നു.

അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് അസംസ്കൃത എണ്ണയുടെ വില ബാരലിന് 70 ഡോളറിൽ നിന്ന് 122 ഡോളർ എന്ന നിലയിലേക്ക് കുതിച്ചുയർന്നതായി മോദി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ യഥാർത്ഥത്തിൽ ഡീസൽ വിലയിൽ 50 രൂപയുടെ വർധനവ് അനിവാര്യമായിരുന്നു. എന്നാൽ, ഉപഭോക്താക്കൾക്കും കർഷകർക്കും ഉണ്ടായേക്കാവുന്ന സാമ്പത്തിക ആഘാതം മുൻനിർത്തി അതിൽ 43 രൂപയുടെ ബാധ്യതയും കേന്ദ്ര സർക്കാർ സ്വയം ഏറ്റെടുക്കുകയായിരുന്നു.

ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ വെച്ച് നടന്ന ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ‘കിസാൻ തക് ഭാരത് അഗ്രികൾചർ കോൺഫറൻസി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം അന്ന് വലിയൊരു പ്രതിസന്ധിയെയാണ് നേരിട്ടത്. ഡീസൽ വിലയിൽ കുറഞ്ഞത് 50 രൂപയെങ്കിലും വർധിപ്പിക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നിരുന്നാലും, ഭാരത്തിന്റെ ഭൂരിഭാഗവും സർക്കാർ ഏറ്റെടുത്തതിലൂടെ റീട്ടെയ്ൽ വിപണിയിൽ വിലവർധന ഏഴു രൂപയായി പരിമിതപ്പെടുത്താൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ഇന്ധന വിലയുടെ ബാധ്യത ഏറ്റെടുത്ത വകയിൽ ഖജനാവിന് പ്രതിമാസം 14,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി. അയൽരാജ്യങ്ങൾ ഇന്ധനവിലയിൽ 40 മുതൽ 50 ശതമാനം വരെ വർധന വരുത്തിയപ്പോൾ ഇന്ത്യയിൽ വളരെ ചെറിയൊരു മാറ്റം മാത്രമാണ് വരുത്തിയത്. കൂടാതെ, കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടെ വളം സബ്സിഡിക്കായി കർഷകർക്ക് മിതമായ നിരക്കിൽ അത് ലഭ്യമാക്കാൻ 16 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button