LIFESTYLE

ഉടമ വിൽപത്രം എഴുതാതെ മരണപ്പെട്ടാൽ ക്രിസ്ത്യൻ കുടുംബങ്ങളിൽ എങ്ങനെ സ്വത്ത് വീതിക്കും?


വിലയാധാര പ്രകാരം ഉടമസ്ഥാവകാശം ഉള്ള വസ്തുവിന്റെ ഉടമ വിൽപത്രം കൂടാതെ മരണപ്പെട്ടാൽ ക്രിസ്ത്യൻ പിൻതുടർച്ചാ നിയമപ്രകാരം മക്കൾക്ക് വസ്തു എപ്രകാരം തുല്യമായി അവകാശപ്പെടാം?..വിലയാധാരപ്രകാരം ഒരു വ്യക്തി സ്വന്തമാക്കിയ സ്വത്ത്, ആ വ്യക്തി വിൽപത്രം എഴുതാതെ മരണപ്പെട്ടാൽ, ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് ബാധകമായ, ഇന്ത്യൻ പിൻതുടർച്ചാ നിയമം 1925 പ്രകാരമാണ് അനന്തരാവകാശം നിർണയിക്കപ്പെടുന്നത്.പ്രധാന തത്വങ്ങൾ ഇവയാണ്. മരിച്ചയാളുടെ ഭാര്യ/ ഭർത്താവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഭാര്യക്ക്/ ഭർത്താവിന് നിയമപ്രകാരം ആകെ വസ്തുവിന്റെ മൂന്നിലൊന്ന് ലഭിക്കും. ശേഷിക്കുന്ന മൂന്നിൽ രണ്ട് സ്വത്ത്, എല്ലാ മക്കൾക്കും തുല്യമായി വീതിക്കപ്പെടും. ഭാര്യയും ഭർത്താവും മരിച്ചിട്ടുണ്ടെങ്കിൽ, സ്വത്ത് എല്ലാ മക്കൾക്കും തുല്യ അവകാശത്തോടെ ലഭിക്കും. ആണ്മക്കൾക്കും പെണ്മക്കൾക്കും ഒരേ അവകാശമാണ്. ഒരു മകൻ/മകൾ മാതാപിതാക്കൾക്ക് മുൻപ് മരിച്ചിട്ടുണ്ടെങ്കിൽ, അവരുടെ മക്കൾക്ക് (കൊച്ചുമക്കൾക്ക്) മാതാപിതാക്കൾക്ക് ലഭിക്കേണ്ട വിഹിതം ലഭിക്കും.ഉദാഹരണം: പിതാവിന്റെ പേരിലുള്ള ഭൂമി. പിതാവ് വിൽപത്രം എഴുതാതെ മരണപ്പെട്ടു. ഭാര്യ മുൻപേ മരണപ്പെട്ടു. നാല് മക്കൾ മാത്രമാണുള്ളത്. ഈ സാഹചര്യത്തിൽ ഓരോ മകളും/ മകൾക്കും നാലിലൊന്ന് വീതം അവകാശം ലഭിക്കും. അതായത് ആകെ സ്വത്ത് നാലു തുല്യ ഭാഗങ്ങളാക്കി തിരിച്ച് ഓരോ ഭാഗം ഓരോ മകനും/മകൾക്കും ലഭിക്കും. ലഭിക്കുന്ന ഭാഗങ്ങളുടെ ഏറ്റക്കുറച്ചിലിൽ തർക്കമുണ്ടെങ്കിൽ കോടതിയെ സമീപിക്കേണ്ടി വരും.അവകാശികൾ തമ്മിൽ തർക്കമില്ലെങ്കിൽ മരണ സർട്ടിഫിക്കറ്റ്, നിയമാവകാശ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് നടത്തി, രജിസ്റ്റർ ചെയ്ത ഭാഗപത്രം മുഖേന സ്വത്ത് വിഭജിക്കാം. തർക്കമുണ്ടെങ്കിൽ അവകാശവിഹിതം നിർണയിച്ച് സ്വത്ത് വിഭജിക്കുന്നതിനായി സിവിൽ കോടതിയിൽ പാർടീഷൻ സ്യൂട്ട് ഫയൽ ചെയ്യേണ്ടിവരും.വിവരങ്ങൾക്ക് കടപ്പാട് ഡി.ബി ബിനു പ്രസിഡന്റ്, ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കമ്മീഷൻ, എറണാകുളം


Cinema ⏭️

Back to top button