NEWS
എന്താണ് മൾട്ടി ക്യാപ് ഫണ്ട്? 3 വിഭാഗങ്ങളിൽ ഒരുമിച്ച് നിക്ഷേപം; ഈ ഒരു ഫണ്ട് മതി വൈവിധ്യവൽക്കരണം ഉറപ്പാക്കാം

ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത കമ്പനികളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ 100 കമ്പനികൾ ലാർജ് ക്യാപ്, തുടർന്ന് വരുന്ന 150 കമ്പനികൾ മിഡ് ക്യാപ്, ശേഷമുള്ള കമ്പനികൾ സ്മോൾ ക്യാപ് വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്. ഒരു മൾട്ടി ക്യാപ് ഫണ്ട് ഈ മൂന്ന് വിഭാഗങ്ങളിലും കുറഞ്ഞത് 25% വീതം നിക്ഷേപം നടത്തണം. അതിനാൽ, ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് നിക്ഷേപം അമിതമായി കേന്ദ്രീകരിക്കാനുള്ള സാധ്യത പരിമിതമാണ്. അതുതന്നെയാണ് ഈ ഫണ്ടുകളുടെ ആകർഷണവും. ലാർജ് ക്യാപ് ഓഹരികൾ പൊതുവേ ഉയർന്ന സ്ഥിരതയും ലിക്വിഡിറ്റിയും ഉള്ളതും വിപണിയിലെ ചാഞ്ചാട്ടങ്ങളെ താരതമ്യേന മെച്ചപ്പെട്ട രീതിയിൽ അതിജീവിക്കാൻ ശേഷിയുള്ളതുമാണ്. മിഡ് ക്യാപ് കമ്പനികൾക്കും സ്മോൾ ക്യാപ് കമ്പനികൾക്കും വലിയ നേട്ടസാധ്യതയുണ്ട്. ഭാവിയിൽ വലിയ കമ്പനികളായി മാറാൻ സാധ്യതയുള്ളവ ഈ വിഭാഗത്തിൽ കണ്ടെത്താനാകുമെങ്കിലും, ചാഞ്ചാട്ടവും റിസ്കും കൂടുതലായിരിക്കും. ഈ മൂന്ന് വിഭാഗങ്ങളിലേക്കും ഒരുമിച്ച് നിക്ഷേപം നടത്തുന്നതിലൂടെ ഒരു മൾട്ടി ക്യാപ് ഫണ്ട് നിക്ഷേപകർക്ക് വിപണി വൈവിധ്യവൽക്കരണം ഉറപ്പാക്കും. ഈ വൈവിധ്യവൽക്കരണത്തിന് രണ്ടു വശങ്ങളുണ്ട്. സ്മോൾ–മിഡ് ക്യാപ് ഓഹരികൾ മികച്ച പ്രകടനം നടത്തുമ്പോൾ, ലാർജ് ക്യാപ് ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളെക്കാൾ മികച്ച നേട്ടം കൈവരിക്കാൻ ഈ ഫണ്ടുകൾക്ക് സാധിച്ചേക്കാം. മറുവശത്ത്, വിപണിയിൽ തിരുത്തൽ സംഭവിക്കുമ്പോൾ നിർബന്ധിത ലാർജ് ക്യാപ് നിക്ഷേപം ഒരു പരിധിവരെ സംരക്ഷണം നൽകും. സ്മോൾ ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കുന്നതിനൊപ്പം ദീർഘകാല വളർച്ചസാധ്യത നിലനിർത്താനും സഹായിക്കുന്നു. നിയന്ത്രണങ്ങൾ മൂലം ഏതെങ്കിലും ഒരു വിഭാഗം കൂടുതൽ ആകർഷകമാണെന്ന് ഫണ്ട് മാനേജർക്ക് തോന്നിയാലും, മുഴുവൻ പോർട്ഫോളിയോയും ആ വിഭാഗത്തിലേക്ക് മാറ്റാൻ അദ്ദേഹത്തിന് കഴിയില്ല. ഈ രീതിയിൽ നിക്ഷേപം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമീപനം പ്രയോജനകരമാണ്. അത്തരക്കാർക്ക് പരിഗണിക്കാവുന്ന ഒരു ഫണ്ടാണ് ഐസിഐസിഐ പ്രൂഡൻഷ്യൽ മൾട്ടി ക്യാപ് ഫണ്ട്. 1994 ഒക്ടോബറിൽ ആരംഭിച്ച ഈ ഫണ്ട്, ആരംഭം മുതൽ ശരാശരി (CAGR) 15% നേട്ടം നൽകിയിട്ടുണ്ട്. 2026 മേയ് 30 വരെയുള്ള കണക്കുകൾ പ്രകാരം, ഫണ്ട് മൂന്ന് വർഷക്കാലയളവിൽ 17.80 ശതമാനവും അഞ്ച് വർഷത്തിൽ 16.17 ശതമാനവും ശതമാനം നേട്ടമാണു നൽകിയത്. (ലേഖകൻ ജിംസൺ ഡേവിഡ്, സ്ഥാപകൻ, നേവിയോൺ വെൽത്ത്)
Fashion ⏭️




