LIFESTYLE

പലരും അവസാന നിമിഷം മുങ്ങും…ഞങ്ങൾക്കും പറയാനുണ്ട് സങ്കടങ്ങൾ; അനുഭവം പങ്കുവച്ച് വീട്ടുടമസ്ഥൻ


വാടക വീടുകളെക്കുറിച്ച് പറയുമ്പോൾ പൊതുവേ കേൾക്കാറുള്ളത് വാടകക്കാരുടെ സങ്കടങ്ങളാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കാത്തതും, അടിക്കടിയുള്ള വാടക വർധനവും, വീട്ടുടമസ്ഥരുടെ അനാവശ്യ ഇടപെടലുകളുമൊക്കെയാണ് പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ളത്. എന്നാൽ, അനുയോജ്യരായ വാടകക്കാരെ കണ്ടെത്താൻ നെട്ടോട്ടമോടുന്ന, അവരുടെ അനാവശ്യ ആവശ്യങ്ങൾക്ക് മുന്നിൽ പകച്ചുനിൽക്കുന്ന ഒരു കൂട്ടം വീട്ടുടമസ്ഥരുടെ അനുഭവങ്ങൾ അധികമാരും ചർച്ച ചെയ്യാറില്ല.വാടക നൽകുന്നതിലെ തർക്കങ്ങൾ, അറ്റകുറ്റപ്പണികൾക്കുള്ള ആവശ്യങ്ങൾ, അധിക ഫർണിച്ചറുകൾ വേണമെന്ന നിർബന്ധം തുടങ്ങി പലതരത്തിലുള്ള പ്രയാസങ്ങളാണ് വീട്ടുടമസ്ഥർ അനുഭവിക്കുന്നത്. അടുത്തിടെ ബെംഗളൂരുവിലെ ഒരു വീട്ടുടമസ്ഥൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ പങ്കുവച്ച അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘ഒന്നോ രണ്ടോ ആഴ്ച മതിയാകുമെന്ന് കരുതി; എന്നാൽ സംഭവിച്ചത്…’ ‘ബെംഗളൂരുവിലെ എന്റെ 2–ബിഎച്ച്കെയ്ക്ക് വാടകക്കാരനെ കണ്ടെത്തുന്നത് ഞാൻ കരുതിയതിലും ബുദ്ധിമുട്ടാണ്’, എന്ന തലക്കെട്ടോടെയാണ് വീട്ടുടമസ്ഥൻ തന്റെ അനുഭവം കുറിച്ചത്. ‘ബെംഗളൂരുവിലെ എന്റെ 2–ബിഎച്ച്കെ വാടകയ്ക്ക് നൽകാൻ ഒന്നോ രണ്ടോ ആഴ്ച മതിയെന്നാണ് ഞാൻ കരുതിയിരുന്നത്. പരസ്യം നൽകുന്നു, കുറച്ച് ഫോൺ കോളുകൾ വരുന്നു, നല്ലൊരു വാടകക്കാരനെ കണ്ടെത്തുന്നു, കരാർ ഒപ്പിടുന്നു – അത്രയും എളുപ്പത്തിൽ കാര്യങ്ങൾ നടക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാൽ സംഭവിച്ചത് മറിച്ചാണ്’.ആദ്യ ആഴ്ചകളിൽ നിരവധി അന്വേഷണങ്ങൾ വന്നെങ്കിലും അവയൊന്നും ഗൗരവമുള്ളതായിരുന്നില്ല. വാടക, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം, പാർക്കിങ് സൗകര്യം, അറ്റകുറ്റപ്പണികൾ, ഫർണിച്ചറുകൾ എന്നിവയെക്കുറിച്ച് വിശദമായി ചോദിച്ചറിയുമെങ്കിലും പിന്നീട് ഇവരിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാറില്ല.വിലപേശലുകളും അവസാന നിമിഷത്തെ മാറ്റങ്ങളും അന്വേഷണങ്ങൾ കൂടുതൽ ഗൗരവമുള്ളതാകുമ്പോൾ വെല്ലുവിളികളും വർധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വീട് വന്ന് കണ്ട് ഇഷ്ടപ്പെട്ടുവെന്ന് പറയുന്നവർ പിന്നീട് വാടക കുറയ്ക്കാനായി കടുത്ത വിലപേശൽ നടത്തും. അല്ലെങ്കിൽ സൗജന്യമായി കൂടുതൽ ആനുകൂല്യങ്ങൾ ആവശ്യപ്പെടും.വീട് ഉറപ്പിക്കുന്നതിന് മുൻപ് തന്നെ പലതരം നിബന്ധനകൾ വയ്ക്കുന്നവരും കുറവല്ല. അതേ വാടകയിൽ തന്നെ പുതിയ ഫർണിച്ചറുകളോ അടുക്കള ഉപകരണങ്ങളോ വേണമെന്ന് ആവശ്യപ്പെടുക, വീടിന് പെയിന്റിങ്ങും അധിക അറ്റകുറ്റപ്പണികളും ചെയ്തുനൽകാൻ നിർബന്ധിക്കുക, താമസം തുടങ്ങാൻ തീയതി നിശ്ചയിച്ച ശേഷം അവസാന നിമിഷം ആവശ്യങ്ങളിൽ മാറ്റം വരുത്തുക എന്നിവയാണ് ഇതിൽ പ്രധാനം. രേഖകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് മറ്റൊരു തടസ്സം. രേഖകളുടെ പരിശോധന, വാടക കരാർ, ഡെപ്പോസിറ്റ് തുക ഉറപ്പിക്കൽ തുടങ്ങി എല്ലാ കാര്യങ്ങളും പൂർത്തിയാകുന്നതുവരെ ഇടപാട് ഏത് ഘട്ടത്തിലും പരാജയപ്പെടാം.


Cinema ⏭️

Back to top button