ഇന്നലെ കാണാത്തവർക്ക് ഇന്ന് അവസരം; ബഹിരാകാശ നിലയം ദൃശ്യമാകും, സമയം ഇങ്ങനെ

അന്താരാഷ്ട്ര ബഹിരാകാശ നിലയം
കേരളത്തിന് മുകളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം കടന്നുപോകുന്നുവെന്ന് അറിഞ്ഞതോടെ ഏറെ ആകാംക്ഷയോടെയാണ് പലരും കാത്തിരുന്നത്. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ആ കാഴ്ച കണ്ടത്. പലരും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ആ കാഴ്ച മിസ് ചെയ്തവരാണോ നിങ്ങൾ? ഇനിയും കാണാൻ അവസരമുണ്ട്.
യാതൊരുവിധ പ്രത്യേക നിരീക്ഷണ ഉപകരണങ്ങളുടെയും സഹായമില്ലാതെ നഗ്ന നേത്രങ്ങൾ കൊണ്ട് വ്യക്തമായി ഈ അപൂർവ കാഴ്ച കാണാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ആകാശങ്ങളിൽ ഇന്നും ബഹിരാകാശ നിലയമെത്തും. ഇന്നും നാളെയും മറ്റന്നാളും ഈ കാഴ്ച കാണാം.
ഇന്നലെ രാത്രി 7.46ഓടെ തെക്ക്, പടിഞ്ഞാറ് ദിശയിൽ പ്രത്യക്ഷപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയം ഏകദേശം നാല് മിനിറ്റോളം ആകാശത്ത് തിളങ്ങിനിന്ന് വടക്ക് ഭാഗത്തായി മറഞ്ഞു. പതിവ് നക്ഷത്രങ്ങളെക്കാൾ തിളക്കത്തോടെയും വേഗത്തിലും ആകാശത്തിലൂടെ നീങ്ങുന്ന ഒരു പ്രകാശ ബിന്ദുവായാണ് ഇത് കാണപ്പെട്ടത്. സെപ്തംബർ 10 വരെ പുലർച്ചെയും സന്ധ്യാസമയങ്ങളിലുമായി കേരളത്തിൽ ബഹിരാകാശ നിലയം കാണാൻ സാധിക്കും.
അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിലൂടെ കടന്നുപോകുന്ന സമയം.
സെപ്തംബർ അഞ്ച് ശനിയാഴ്ച ( ഇന്ന് വെകിട്ട്) : 6:59ന് ( ഏകദേശം ആറ് മിനിറ്റ് ദൃശ്യം, 47° ഉയരത്തിൽ തെക്ക് – തെക്കുപടിഞ്ഞാറ് ദിശയിൽ വന്ന് വടക്കുകിഴക്ക് മറയും).
സെപ്തംബർ ആറ് – ഞായറാഴ്ച രാത്രി 7:50 (മൂന്ന് മിനിറ്റ് പടിഞ്ഞാറ് നിന്ന് വടക്ക് – വടക്കുപടിഞ്ഞാറൻ ദിശയിലേക്ക്).
സെപ്തംബർ ഏഴ് തിങ്കൾ പുലർച്ചെ 5:44ന് ( ഏഴ് മിനിറ്റ് ദൈർഘ്യം. 80° ഉയരത്തിൽ വടക്ക്-വടക്കുപടിഞ്ഞാറ് നിന്ന് തെക്കുകിഴക്ക് ദിശയിലേക്ക്). രാത്രി 7:01 ( ആറ് മിനിറ്റ്, പടിഞ്ഞാറ് – തെക്കുപടിഞ്ഞാറ് നിന്ന് വടക്കോട്ട്).
സെപ്തംബർ എട്ട്, ചൊവ്വ: പുലർച്ചെ 4:57ന് (ആറ് മിനിറ്റ്).
സെപ്തംബർ ഒമ്പത്, ബുധൻ: പുലർച്ചെ 4:13ന് (ഒരു മിനിറ്റ്).
സെപ്തംബർ 10, വ്യാഴം: പുലർച്ചെ 5:03 (രണ്ട് മിനിറ്റ്).
English Summary
The International Space Station (ISS) is currently visible over Kerala, attracting public interest. Observable with the naked eye, the ISS will continue to be visible across the state until September 10. Specific morning and evening timings have been announced, offering residents further opportunities to witness the celestial event.
RELATED TOPICS: INTERNATIONAL SPACE STATION KERALA, ISS VISIBILITY KERALA, SPACE STATION TODAY, KERALA SKY, ISS VIEWING TIME
News ⏭️


