അരിപ്പൊടിയില്ലാതെ അഞ്ചു മിനിറ്റിൽ അവൽ പുട്ട് തയ്യാറാക്കാം

പ്രതീകാത്മക ചിത്രം
ദിവസവും രാവിലെ എന്ത് ഭക്ഷണമാണ് ഉണ്ടാക്കുക എന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ? സ്ഥിരമായി ഇഡ്ഡലിയും ദോശയും പുട്ടും കഴിച്ച് മടുപ്പ് തോന്നിയവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വ്യത്യസ്ത വിഭവമാണ് അവൽ പുട്ട്. ആരോഗ്യത്തിനും രുചിക്കും ഒരുപോലെ മുൻഗണന നൽകുന്നവർക്ക് ഇത് മികച്ചൊരു ചോയ്സാണ്. ശരീരത്തിന് വേഗത്തിൽ ഊർജ്ജം പകരാനും ദഹനത്തെ സഹായിക്കാനും ഇതിലുള്ള പോഷകഘടകങ്ങൾ സഹായിക്കുന്നു. പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കാൻ അനുയോജ്യമായ ഈ വിഭവം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. അവൽ പുട്ട് എങ്ങനെയെന്ന് താഴെ പറയുന്ന രീതിയിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
അവൽ
ഏലയ്ക്ക
ഉപ്പ്
തേങ്ങ
നെയ്യ്
കശുവണ്ടി
പഞ്ചസാര
തയ്യാറാക്കുന്ന വിധം
ആദ്യമായി അൽപം വറുത്തെടുത്ത അവലും രണ്ട് ഏലയ്ക്കയും കൂടി മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. പുട്ടിന് മാവ് നനയ്ക്കുന്ന പാകത്തിൽ ഈ പൊടി അൽപം വെള്ളം തളിച്ച് നനയ്ക്കുക. ശേഷം ഇഡ്ഡലി പാത്രത്തിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കാൻ വയ്ക്കാം. ഇഡ്ഡലി തട്ടിനു മുകളിൽ ഒരു കോട്ടൺ തുണി വിരിച്ച ശേഷം നനച്ചുവെച്ചിരിക്കുന്ന അവൽ മിശ്രിതം അതിൽ പരത്തി വെച്ച് മൂടി വെക്കുക. നന്നായി ആവി കയറി വെന്തുവരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മധുരത്തിന് പാകത്തിന് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. ഒരു ചെറിയ പാനിൽ നെയ്യ് ചൂടാക്കി അതിൽ കശുവണ്ടി വറുത്തെടുത്ത് ഈ മിശ്രിതത്തിലേക്ക് ചേർക്കുക. ഒടുവിൽ ചിരകിയ തേങ്ങ കൂടി ചേർത്ത് നന്നായി യോജിപ്പിച്ചാൽ സ്വാദിഷ്ടമായ അവൽ പുട്ട് തയ്യാർ.




