LIFESTYLE
സഹോദരൻ ഫ്ലാറ്റ് ഒഴിയുന്നില്ല; പകരം പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്ന് എഴുതി നൽകണമെന്ന് ഡിമാൻഡ്; എന്തുചെയ്യും?

ഞാൻ രണ്ട് മക്കളുള്ള ഒരു വിധവയാണ്. 2013ൽ ഞാൻ കൊച്ചിയിൽ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. അതിനായി എടുത്ത 25 ലക്ഷത്തോളം രൂപയുടെ ഭവനവായ്പ ഞാൻ തന്നെയാണ് അടച്ചുതീർത്തത്. എന്റെ സഹോദരന് താൽക്കാലികമായി താമസിക്കാൻ ഒരു സ്ഥലം ആവശ്യംവന്നപ്പോൾ വാടകക്കരാർ ഒന്നുമില്ലാതെ ഞാൻ എന്റെ ഫ്ലാറ്റിൽ അദ്ദേഹത്തെയും കുടുംബത്തെയും താമസിക്കാൻ അനുവദിച്ചു. വർഷങ്ങളായി അവർ അവിടെ വാടകയൊന്നും നൽകാതെ താമസിച്ചുവരുന്നു. ഫ്ലാറ്റ് തിരികെ നൽകുകയോ, അല്ലെങ്കിൽ വാടകയെങ്കിലും നൽകുകയോ ചെയ്യണമെന്ന് 2021 മുതൽ ഞാൻ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ അവർ ഒന്നും ചെയ്തിട്ടില്ല. ഇപ്പോൾ എന്റെ ഫ്ലാറ്റ് തിരികെ നൽകുന്നതിന് പകരം, എന്റെ പിതാവിന്റെ സ്വത്തിൽ എനിക്ക് അവകാശമില്ലെന്ന് ഞാൻ എഴുതി നൽകണമെന്ന് അവർ ആവശ്യപ്പെടുന്നു.എന്റെ പിതാവ് പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലാണ്. എന്റെ വയോധികയായ അമ്മയും ഞാനും ചേർന്നാണ് അദ്ദേഹത്തെ നോക്കുന്നത്. അടുത്തിടെ, എന്റെ സഹോദരൻ വന്ന് പിതാവിന്റെ സ്വത്തുസംബന്ധമായ എല്ലാ രേഖകളും എടുത്തുകൊണ്ടുപോയി. ഈ പ്രശ്നം അമ്മയ്ക്കും വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നു. കേസ് വർഷങ്ങളോളം നീണ്ടേക്കുമെന്നതിനാൽ, ഈ വിഷയം കോടതിയിൽ കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്റെ ഫ്ലാറ്റ് തിരികെ ലഭിക്കാൻ മറ്റേതെങ്കിലും പ്രായോഗിക മാർഗമുണ്ടോ?ഫ്ലാറ്റ് താങ്കളുടെ പേരിലാണെന്നും വായ്പ മുഴുവനായും അടച്ചതാണെന്നും രേഖകളിലൂടെ തെളിയിക്കാനാകുന്ന സാഹചര്യത്തിൽ, സഹോദരന് അവിടെ താമസിക്കാൻ നൽകിയ അനുമതി പിൻവലിച്ച് നിശ്ചിത സമയത്തിനകം ഫ്ലാറ്റ് ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് ആദ്യം അഭിഭാഷകൻ മുഖേന നോട്ടിസ് നൽകുന്നതാണ് ഉചിതം. തുടർന്ന്, കോടതിയിൽ കേസ് നൽകാതെ തന്നെ ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റി മുഖേന മീഡിയേഷൻ/ അദാലത്തുകൾ വഴി നടപടിക്ക് ശ്രമിക്കാം. എതിർകക്ഷി സഹകരിച്ചാൽ ഒത്തുതീർപ്പിലൂടെ വേഗത്തിൽ ഫ്ലാറ്റ് തിരികെ ലഭിക്കാനുള്ള പ്രായോഗിക മാർഗമാണിത്.ഫ്ലാറ്റ് തിരികെ നൽകുന്നതിനുള്ള നിബന്ധനയായി പിതാവിന്റെ സ്വത്തിലുള്ള അവകാശം ഉപേക്ഷിക്കുന്ന രേഖയിൽ ഒപ്പിടേണ്ടതില്ല. ഇരുവിഷയങ്ങളും നിയമപരമായി വെവ്വേറെയാണ്. പിതാവിന്റെ രേഖകൾ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ എടുത്തതാണെങ്കിൽ അവ തിരികെ ആവശ്യപ്പെട്ട് രേഖാമൂലം അറിയിക്കുകയും ദുരുപയോഗത്തിനു സാധ്യതയുണ്ടെങ്കിൽ ആവശ്യമായ നിയമനടപടി സ്വീകരിക്കുകയും വേണം. ഒത്തുതീർപ്പ് സാധ്യമാകാത്ത പക്ഷം മാത്രമേ ഫ്ലാറ്റ് തിരിച്ചുപിടിക്കുന്നതിനുള്ള സിവിൽ നടപടിയിലേക്ക് കടക്കേണ്ടതുള്ളൂ.വിവരങ്ങൾക്ക് കടപ്പാട് ഡി.ബി.ബിനു പ്രസിഡന്റ്, ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മിഷൻ, എറണാകുളം
Cinema ⏭️


