നവംബർ 1 മുതൽ ഡൽഹിയിൽ പഴയ വാഹനങ്ങൾക്ക് പ്രവേശനവിലക്ക്: ബൈക്കുകൾക്കും ബാധകം

രാജ്യതലസ്ഥാനത്തെ വായുമലിനീകരണം ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായി, പഴക്കം ചെന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഡൽഹി ഭരണകൂടം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, 2026 നവംബർ ഒന്നുമുതൽ 2027 ജനുവരി 31 വരെ ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതും ബി.എസ്-VI നിലവാരത്തിൽ താഴെ ഉള്ളതുമായ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. ഈ നിരോധനം ആയിരക്കണക്കിന് യാത്രക്കാരെയാണ് ദോഷകരമായി ബാധിക്കാൻ പോകുന്നത്. ജോലി, പഠനം, ബിസിനസ്സ് ആവശ്യങ്ങൾക്കായി ദിവസവും അതിർത്തികൾ കടന്ന് ഡൽഹിയിലെത്തുന്ന ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർക്കാണ് ഈ നിയന്ത്രണം വലിയ പ്രതിസന്ധി സൃഷ്ടിക്കുക.
48 ലക്ഷം വാഹനങ്ങൾ; എത്രയെണ്ണത്തിന് പ്രവേശനം നഷ്ടമാകും?
ഡൽഹിയോട് ചേർന്നുള്ള എൻ.സി.ആർ (NCR) മേഖലയിൽ മാത്രം ബി.എസ്-VI നിലവാരത്തിന് താഴെയുള്ള ഏകദേശം 48 ലക്ഷത്തോളം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. ഹരിയാനയിൽ 30.65 ലക്ഷവും, ഉത്തർപ്രദേശിൽ 11.57 ലക്ഷവും, രാജസ്ഥാനിൽ 5.62 ലക്ഷവും എന്നിങ്ങനെയാണ് വാഹനങ്ങളുടെ എണ്ണം. എങ്കിലും, ഈ മുഴുവൻ വാഹനങ്ങളും ദിവസവും ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നവയല്ല. ഗതാഗത വകുപ്പിന്റെ കണക്കുകൾ പ്രകാരം, പ്രധാനമായും നോയിഡ, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽനിന്നായി പത്തുലക്ഷത്തിലധികം വാഹനങ്ങളെ ഈ പുതിയ ഉത്തരവ് നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഏതൊക്കെ വാഹനങ്ങൾക്കാണ് നിയന്ത്രണം?
ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തതും എന്നാൽ ബി.എസ്-VI നിലവാരത്തിലല്ലാത്തതുമായ വാഹനങ്ങൾക്കാണ് നിരോധനം ബാധകമാകുന്നത്. അതേസമയം, ബി.എസ്-VI വാഹനങ്ങൾക്കും ഇലക്ട്രിക്, സി.എൻ.ജി വാഹനങ്ങൾക്കും തടസ്സമില്ലാതെ പ്രവേശിക്കാം. ആംബുലൻസ്, ഫയർഫോഴ്സ്, പൊലീസ് തുടങ്ങിയ അടിയന്തര സേവന വിഭാഗത്തിൽപ്പെട്ട വാഹനങ്ങളെയും ഈ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനത്തിന്റെ പഴക്കം മാത്രമല്ല, അതിന്റെ രജിസ്ട്രേഷൻ നടന്ന സ്ഥലവും ബി.എസ് നിലവാരവുമാണ് അധികൃതർ പ്രധാനമായും പരിശോധിക്കുന്നത്. അതിനാൽ, പുറമെ നിന്നുള്ള ബി.എസ്-IV വാഹനങ്ങൾക്കും പ്രവേശനം നിഷേധിക്കപ്പെടും.
പഴയ ബൈക്കുകൾക്കും, സ്കൂട്ടറുകൾക്കും നിയന്ത്രണം ബാധകമോ?
തീർച്ചയായും, ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്യപ്പെട്ടതും ബി.എസ്-VI നിലവാരത്തിൽ താഴെ ഉള്ളതുമായ ഇരുചക്രവാഹനങ്ങൾക്കും ഈ നിയന്ത്രണം പൂർണ്ണമായി ബാധകമാണ്.
ക്യാമറകൾ ഉപയോഗിച്ച് വാഹനങ്ങൾ കണ്ടെത്തും
ഓരോ വാഹനത്തെയും തടഞ്ഞുനിർത്തി പരിശോധിക്കുന്നതിന് പകരം, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ ഉപയോഗിച്ചാകും നിയമലംഘനങ്ങളെ അധികൃതർ കണ്ടെത്തുക. നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലും പ്രധാന ജംഗ്ഷനുകളിലും സ്ഥാപിക്കുന്ന ഈ അത്യാധുനിക സംവിധാനം വഴി, വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്ത് അതിന്റെ രജിസ്ട്രേഷൻ വിവരങ്ങളും എമിഷൻ നിലവാരവും നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാൻ സാധിക്കും.
മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ…
വാഹന നിയന്ത്രണങ്ങൾക്ക് പുറമെ, സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUCC) ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടതില്ലെന്ന കർശന നിർദ്ദേശവും പ്രാബല്യത്തിൽ വരുന്നുണ്ട്. ശൈത്യകാലത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നുമുതൽ ഈ നിയമവും നടപ്പിലാകും. അതിനാൽ, ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് വാഹനത്തിന്റെ എമിഷൻ നിലവാരത്തോടൊപ്പം PUCC സർട്ടിഫിക്കറ്റിന്റെ കാലാവധിയും ഉറപ്പാക്കാൻ ശ്രദ്ധിക്കുക.




