LIFESTYLE
ചുറ്റും കോടികൾ വിലമതിക്കുന്ന വീടുകൾ, വൈകുന്നേരമായാൽ ഇവിടെ ഒരാളെ പോലും കാണില്ല; ഇത് ഈ പ്രദേശത്തിന്റെ മാത്രം പ്രത്യേകതയോ?

വൈകുന്നേരം ആറു മണി. ഇന്ത്യൻ തെരുവുകളിൽ തിക്കും തിരക്കും, കവലകളിലെ വർത്തമാനങ്ങളും, കുട്ടികളുടെ കളിചിരികളും നിറയുന്ന സമയം. എന്നാൽ, അങ്ങകലെ അമേരിക്കയിൽ ഇതേ സമയം പ്രകൃതി പോലും നിശബ്ദമാണ്. വിലകൂടിയ വീടുകൾ നിരനിരയായി നിലകൊള്ളുന്നുണ്ടെങ്കിലും തെരുവിൽ ഒരൊറ്റ മനുഷ്യനെപ്പോലും കാണാനില്ല. യുഎസിലെ ഈ നിശബ്ദത ചൂണ്ടിക്കാട്ടി അഞ്ചുവർഷമായി അവിടെ താമസിക്കുന്ന ഇന്ത്യൻ വംശജനായ നിതിൻ മൽഹോത്ര പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.ആളുകളില്ലാത്ത തെരുവുകൾതന്റെ ഫ്ലോറിഡയിലെ താമസസ്ഥലത്തുനിന്നാണ് നിതിൻ ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അഞ്ചും പത്തും പതിനഞ്ചും കോടി രൂപ വിലമതിക്കുന്ന മനോഹരമായ വീടുകളാണ് പ്രദേശത്തുള്ളത്. എന്നാൽ, വൈകുന്നേരങ്ങളിൽ ഈ പ്രദേശത്ത് എവിടെ തിരഞ്ഞാലും ഒരു മനുഷ്യജീവിയെപ്പോലും കാണാൻ കഴിയില്ലെന്ന് നിതിൻ പറയുന്നു.ഇത് ഫ്ലോറിഡയുടെ മാത്രം പ്രത്യേകതയല്ലെന്നും ടെക്സസ്, കലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങളിലെ പ്രാന്തപ്രദേശങ്ങളിലും ചിത്രം വ്യത്യസ്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദക്ഷിണേഷ്യക്കാർ കൂടുതലായി അധിവസിക്കുന്ന ചില സ്ഥലങ്ങൾ ഒഴിച്ചുനിർത്തിയാൽ, ഭൂരിഭാഗം അമേരിക്കൻ പ്രാന്തപ്രദേശങ്ങളും ഇത്തരം വിചിത്രമായ വിജനതയിലാണ്.‘അമേരിക്കയിൽ വന്നിട്ട് എന്ത് ചെയ്യാനാണ്?’ഇന്ത്യൻ ഗ്രാമങ്ങളിലും നഗരങ്ങളിലും കണ്ടുവരുന്ന തത്സമയ സാംസ്കാരിക കൂട്ടായ്മകളും അയൽപക്കബന്ധങ്ങളും പ്രതീക്ഷിച്ച് അമേരിക്കയിലേക്ക് വരുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്ന ചോദ്യമാണ് നിതിൻ ഉയർത്തുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ സ്വന്തം വീടിന്റെ നാല് ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങുന്ന ജീവിതരീതിയാണ് ഭൂരിഭാഗം അമേരിക്കക്കാർക്കുമുള്ളത്. വൈകുന്നേരങ്ങളിൽ അയൽപക്കങ്ങളിലേക്ക് നടക്കാനിറങ്ങാനോ, കടത്തിണ്ണകളിൽ ഇരുന്ന് വർത്തമാനം പറയാനോ അവിടെ ആളുകളില്ല.
Cinema ⏭️


