LIFESTYLE

ആദ്യം സൂര്യനുദിക്കുന്ന ഇന്ത്യൻ മണ്ണിലേക്കൊരു യാത്ര; അത്ഭുത കാഴ്‌ചകളൊരുക്കി കുഞ്ഞൻ ഗ്രാമം


സൂര്യോദയം

സൂര്യോദയമെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം തെളിയുന്നത് കടൽത്തീരങ്ങളോ മലനിരകളോ ആയിരിക്കും. എന്നാൽ, അരുണാചൽ പ്രദേശിന്റെ വിദൂരമായ ഒരു കോണിൽ പുലരിയെ വരവേൽക്കാൻ സഞ്ചാരികൾ ഉറക്കമുണരുന്നത് തന്നെ അർദ്ധരാത്രിയിലാണ്. ഇരുട്ടിൽ മലനിരകൾക്കിടയിലൂടെ അവർ യാത്ര ചെയ്യും. ഇന്ത്യയിൽതന്നെ ഏറ്റവും ആദ്യം സൂര്യനുദിക്കുന്ന സ്ഥലങ്ങളിലൊന്നായ ഡോങ്‌ താഴ്‌വരയിലേക്കാണ് അവരുടെ യാത്ര.

അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ വാലോങിനടുത്താണ് ഡോങ് ഗ്രാമവും അതിനോട് ചേർന്ന താഴ്‌വരയും സ്ഥിതിചെയ്യുന്നത്. ലോഹിത് നദിയുടെ തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഈ മലനാട്, ഇന്ത്യയിൽ ഏറ്റവും ആദ്യം സൂര്യകിരണങ്ങൾ പതിക്കുന്ന ഇടമെന്ന രീതിയിലാണ് പ്രശ‌സ്‌തമായത്.

പുലരി തേടിയൊരു യാത്ര

ഡോങിലെ സൂര്യോദയം കാണണമെങ്കിൽ അർദ്ധരാത്രിയിൽതന്നെ യാത്ര തുടങ്ങണം. ഇരുട്ടിനെ കീറിമുറിച്ച് മലഞ്ചെരുവുകളിലൂടെ മുന്നേറുന്ന യാത്രയ്‌ക്കൊടുവിൽ താഴ്‌വരെയെ അഭിമുഖീകരിക്കുന്ന വ്യൂപോയിന്റിലെത്താം. കാടുകൾ നിറഞ്ഞ മലഞ്ചെരുവുകളും വളഞ്ഞുപുളഞ്ഞ പാതകളിൽ തങ്ങിനിൽക്കുന്ന നിശബ്‌ദതയും യാത്രയുടെ ഭംഗി വർദ്ധിപ്പിക്കുന്നു. ഒടുവിൽ കിഴക്കൻ ആകാശത്ത് കുങ്കുമവർണം പടർത്തി സൂര്യൻ ഉദിച്ചുയരുന്ന കാഴ്‌ച കണ്ട് കണ്ണും മനസും ഒരുപോലെ നിറയും.

സൂര്യോദയത്തിന് പുറമെ മറ്റ് നിരവധി കാഴ്‌ചകളും ഡോങിലെത്തുവരെ കാത്തിരിപ്പുണ്ട്. ചരിത്രവും സംസ്‌കാരവും ചേർന്നുനിൽക്കുന്ന അതിർത്തി പ്രദേശമാണ് ഇവിടം. ഡോങിൽനിന്ന് ഏകദേശം ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ മനോഹരമായ മലയോര കാഴ്‌ചകൾ സമ്മാനിക്കുന്ന വലോങിലെത്താം. ഇന്ത്യയുടെ കിഴക്കേയറ്റത്തുള്ള ജനവാസ പ്രദേശങ്ങളിലൊന്നായ കിബുത്തുവും സമീപത്താണ്. താഴ്‌വരയിലൂടെ ഒഴുകുന്ന ലോഹിത് നദി, പൈൻ മരങ്ങൾ നിറഞ്ഞ മലനിരകൾ, വിശാലമായ താഴ്‌വരകൾ, മഞ്ഞുമൂടിയ പ്രഭാതങ്ങൾ എന്നിവയെല്ലാം ചേർന്ന് ഈ പ്രദേശത്തിന് വേറിട്ടൊരും ഭംഗി നൽകുന്നു.

വിനോദത്തിന് പുറമെ ആഘോഷങ്ങളും

2025 ഡിസംബർ 29 മുതൽ ജനുവരി രണ്ടുവരെ അരുണാചൽ പ്രദേശ് സർക്കാർ ആദ്യമായി ഇവിടെ സൺറൈസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ഗൈഡുകളുടെ നേതൃത്വത്തിലുള്ള സൂര്യോദയ ട്രക്കുകൾക്ക് പുറമെ സാംസ്‌കാരിക പരിപാടികൾ, പ്രാദേശിക ഭക്ഷണ വിഭവങ്ങൾ, കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനം തുടങ്ങിയവയും സഞ്ചാരികൾക്കായി ഒരുക്കിയിരുന്നു.

എങ്ങനെ എത്തിച്ചേരാം?

ഡോങിലേക്കുള്ള യാത്ര കുറച്ച് ബുദ്ധിമുട്ടേറിയത്. എന്നാൽ, ഈ ബുദ്ധമുട്ടികൾ തന്നെയാണ് യാത്രയെ മനോഹരമാക്കുന്നതും. അസമിലെ ദിബ്രുഗഢ് വിമാനത്താവളമാണ് ഡോങിന് സമീപത്തെ പ്രധാന വിമാനത്താവളം. ന്യൂ ടിൻസുകിയ ജംഗ്‌ഷൻ ആണ് സമീപത്തെ പ്രധാന റെയിൽവേ സ്റ്റേഷൻ. ടിൻസുകിയ, തേസു, ഹയുലിയാങ്, വലോങ് എന്നിവിടങ്ങളിലൂടെ റോഡ് മാർഗം സഞ്ചരിച്ചാണ് സാധാരണയായി സഞ്ചാരികൾ ഇവിടേക്കെത്തുന്നത്.


ഡോങ് ഗ്രാമം


News ⏭️

Back to top button