LIFESTYLE
കുളി കഴിഞ്ഞശേഷം ബാത്റൂമിലെ കണ്ണാടി മങ്ങുന്നത് എന്തുകൊണ്ട്?

ചൂടുവെള്ളത്തിൽ നന്നായൊന്നു കുളിച്ചശേഷം കണ്ണാടിയിൽ ഒന്ന് നോക്കാൻ ശ്രമിക്കുമ്പോൾ സ്വന്തം പ്രതിബിംബം പോലും കാണാൻ കഴിയാത്ത വിധം അവിടെ മങ്ങൽ പടർന്നിട്ടുണ്ടാകും. കൈകൊണ്ട് അത് തുടച്ചുമാറ്റാൻ ശ്രമിച്ചാൽ കണ്ണാടിയിൽ പാടുകൾ വീഴുകയും കാഴ്ച കൂടുതൽ അവ്യക്തമാവുകയും ചെയ്യും. എല്ലാവർക്കും അനുഭവഭവപ്പെടുന്ന ഈ അവസ്ഥയ്ക്ക് പിന്നിലൊരു ശാസ്ത്രമുണ്ട്. അടച്ചിട്ട മുറിക്കുള്ളിൽ ചൂടുവെള്ളം സൃഷ്ടിക്കുന്ന നീരാവി എങ്ങനെയാണ് ഒരു സുതാര്യമായ കണ്ണാടിയെ മറയ്ക്കുന്നത് എന്നതിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ നമുക്ക് പരിശോധിക്കാം. കണ്ണാടി മങ്ങുന്ന പ്രക്രിയയെ ശാസ്ത്രീയമായി ‘കണ്ടൻസേഷൻ’ എന്ന് വിളിക്കുന്നു. അദൃശ്യമായ വാതകാവസ്ഥയിലുള്ള ജലം ദ്രാവകാവസ്ഥയിലേക്ക് മാറുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ബാത്റൂമിലെ ചൂടുവെള്ളം വായുവിലേക്ക് വലിയ അളവിൽ നീരാവി പുറത്തുവിടുന്നു. ഈ ചൂടുവായു കണ്ണാടിയുടെ താരതമ്യേന തണുപ്പുള്ള പ്രതലത്തിൽ സ്പർശിക്കുമ്പോൾ പെട്ടെന്ന് തണുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വായു തണുക്കുന്നതോടെ അതിലെ നീരാവി അതീവ സൂക്ഷ്മമായ ജലത്തുള്ളികളായി കണ്ണാടിയുടെ ഉപരിതലത്തിൽ പടരുന്നു. ഈ കൊച്ചു ജലത്തുള്ളികൾ ഒരേപോലെയല്ല കണ്ണാടിയിൽ ഇരിക്കുന്നത്. അവ പ്രകാശരശ്മികളെ പല ദിശകളിലേക്ക് ചിതറിക്കുന്നു . ഈ വിസരണം കാരണമാണ് കണ്ണാടിയുടെ പ്രതിഫലന ശേഷി നഷ്ടപ്പെടുന്നതും മങ്ങുന്നതും . പ്രകാശത്തിന്റെ ഈ വിസരണം എത്രത്തോളം ശക്തമാണോ അത്രത്തോളം കൂടുതലായി കണ്ണാടി മങ്ങി പോകും. കണ്ണാടിയുടെ മങ്ങലിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ കണ്ണാടിയിൽ എത്രത്തോളം മഞ്ഞ് രൂപപ്പെടും എന്നത് കുളിമുറിയിലെ താപനിലയും വായുവിലെ ഈർപ്പവും തമ്മിലുള്ള വ്യത്യാസത്തെ ആശ്രയിച്ചിരിക്കും. വായുവിലെ ചൂടും കണ്ണാടിയുടെ തണുപ്പും തമ്മിലുള്ള അന്തരവും, വായുസഞ്ചാരത്തിന്റെ അഭാവവുമാണ് ഇവിടെ പ്രധാന വില്ലന്മാർ. ശരിയായ വായുസഞ്ചാരമില്ലാത്ത ബാത്റൂമുകളിൽ ഈർപ്പം പുറത്തുപോകാൻ കഴിയാതെ തങ്ങിനിൽക്കുന്നത് ഈ പ്രക്രിയയെ വേഗത്തിലാക്കും. ഇവയ്ക്ക് പരിഹാരവുമുണ്ട്. എക്സ്ഹോസ്റ്റ് ഫാനുകൾ ദുർഗന്ധം മാറ്റാൻ മാത്രമല്ല, മറിച്ച് ബാത്റൂമിലെ ഈർപ്പം നിയന്ത്രിച്ച് കണ്ണാടികളും ഫിറ്റിങ്ങുകളും ദീർഘകാലം കേടുകൂടാതെ സംരക്ഷിക്കാനും സഹായിക്കുന്നു. കണ്ണാടിയിലെ മങ്ങൽ ഒഴിവാക്കാൻ വിപണിയിൽ ലഭ്യമായ ആന്റി-ഫോഗ് കണ്ണാടികൾ വാങ്ങുന്നതിനേക്കാൾ ലാഭകരമായി നമുക്ക് ചെയ്യാവുന്ന ചില ലളിതമായ വിദ്യകൾ പറയാം. വായുസഞ്ചാരം : ബാത്റൂമിലെ ജനലുകൾ അല്പം തുറന്നിടുകയോ എക്സ്ഹോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കുകയോ ചെയ്യുന്നത് ഈർപ്പമുള്ള വായു പുറത്തുപോകാൻ സഹായിക്കും. ഇത് മുറിക്കുള്ളിലെ താപനില ക്രമീകരിക്കുകയും ഘനീഭവിക്കൽ പ്രക്രിയ കുറയ്ക്കുകയും ചെയ്യുന്നു.ഷേവിങ് ക്രീം വിദ്യ: ചെറിയ അളവ് ഷേവിങ് ക്രീമോ സോപ്പ് ലായനിയോ കണ്ണാടിയിൽ പുരട്ടി ഉണങ്ങിയ മൈക്രോഫൈബർ തുണികൊണ്ട് തുടയ്ക്കുക. സോപ്പിലെ ഘടകങ്ങൾ ജലത്തുള്ളികൾ ചെറിയ മണികളായി രൂപപ്പെടുന്നത് തടയുന്നു. പകരം, വെള്ളം ഒരു നേർത്ത പാളിയായി കണ്ണാടിയിൽ പടരുന്നു. ഇത് പ്രകാശത്തിന്റെ ചിതറിക്കൽ ഒഴിവാക്കി കാഴ്ച വ്യക്തമാക്കാൻ സഹായിക്കും. ആന്റി-ഫോഗ് സ്പ്രേകൾ വാങ്ങുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ ചെയ്യാവുന്ന മികച്ച മാർഗ്ഗമാണിത്.ആധുനിക സാങ്കേതികവിദ്യ : ബഡ്ജറ്റ് അനുവദിക്കുമെങ്കിൽ ഹീറ്റഡ് മിററുകൾ തിരഞ്ഞെടുക്കാം. ഇവ കണ്ണാടിയുടെ ഉപരിതല താപനില നീരാവിക്ക് തുല്യമായി നിലനിർത്തുന്നതിലൂടെ ഘനീഭവിക്കൽ പൂർണ്ണമായും ഒഴിവാക്കുന്നു. നമ്മുടെ വീട്ടിലെ പല കൊച്ചു പ്രശ്നങ്ങളും ശാസ്ത്രത്തിലെ രസകരമായ കാര്യങ്ങളാണ്. താപനിലയും വായുവിലെ ഈർപ്പവും തമ്മിലുള്ള രസകരമായ ഒരു പ്രതിപ്രവർത്തനമാണ് കണ്ണാടിയിലെ മൂടൽമഞ്ഞ് പോലുള്ള മങ്ങൽ. ശരിയായ വായുസഞ്ചാരവും ചില ലളിതമായ വിദ്യകളും ഉണ്ടെങ്കിൽ, ബാത്റൂമിൽ തെളിഞ്ഞ ഒരു കണ്ണാടി നമുക്ക് ഉറപ്പാക്കാം.
Source link
CINEMA
CINEMA


