മോഹിനിയാട്ടത്തിൽ മികവിന്റെ പൊൻതിളക്കം; അനഘയ്ക്ക് എ ഗ്രേഡ് ഫസ്റ്റ്

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ട മത്സരത്തിൽ എ ഗ്രേഡ് ഫസ്റ്റ് നേടിയ അനഘ ആർ.എസ്. വേദിയിൽ.
കൊല്ലം : കലയുടെ അരങ്ങിൽ ചുവടുവെച്ച് മികവിന്റെ തിളക്കവുമായി അനഘ ആർ.എസ്. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ട മത്സരത്തിൽ എ ഗ്രേഡ് ഫസ്റ്റ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി.
തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലാണ് അനഘയുടെ ഈ ശ്രദ്ധേയ നേട്ടം.
കഴിഞ്ഞ വർഷം തിരൂരിൽ നടന്ന കലോത്സവത്തിൽ നാടോടിനൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള അനഘ, കുച്ചുപ്പുടി, ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തിലും മറ്റ് വിവിധ വേദികളിലുമായി നിരവധി സമ്മാനങ്ങൾ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
സി.ആർ.പി.എഫ്. കമാൻഡന്റ് ആർ. രതീഷിന്റെയും പ്ലസ് ടു അധ്യാപിക ശുകേന്തുവിന്റെയും മകളാണ് അനഘ. കൊല്ലം എഴുകോൺ വി.എസ്.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അനഘ പഠനത്തോടൊപ്പം കലാരംഗത്തും മികവിന്റെ പാതയിലാണ്.
ഓരോ വേദിയും പുതിയ അനുഭവമാക്കി, ഓരോ ചുവടിലും ആത്മവിശ്വാസം നിറച്ച് മുന്നേറുന്ന അനഘയുടെ ഈ നേട്ടം ഇനിയും ഉയരങ്ങളിലേക്കുള്ള കലായാത്രയ്ക്ക് പുതിയ പ്രചോദനമാകട്ടെ.




