NEWS

ഇറാൻ ഭൂഗർഭ മിസൈൽ താവളത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പശ്ചിമേഷ്യയ്ക്ക് പുറത്തും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

ടെഹ്റാൻ: അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന തങ്ങളുടെ ഭൂഗർഭ ‘മിസൈൽ സിറ്റി’ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി ഇറാൻ. അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുടെ ശേഖരം സൂക്ഷിച്ചിരിക്കുന്ന ഭൂഗർഭ താവളത്തിന്റെ ദൃശ്യങ്ങളാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) പുറത്തുവിട്ടത്.

സൈന്യത്തിന്റെ ചീഫ് ഓഫ് ദ ജനറൽ സ്റ്റാഫ് അലി അബ്ദുല്ലാഹി, ഐആർജിസി എയ്റോസ്പേസ് ഫോഴ്സ് കമാൻഡർ മജീദ് മൗസാവി എന്നിവർ ഈ ആയുധപ്പുര സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാനിലെ ഔദ്യോഗിക വാർത്താ ചാനലുകളിലൂടെയാണ് സംപ്രേഷണം ചെയ്തത്. സുരക്ഷാ കാരണങ്ങളാൽ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും അവ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ ഭൂഗർഭ കേന്ദ്രം കൃത്യമായി എവിടെയാണെന്നോ, ഇത് പുതിയതായി നിർമ്മിച്ചതാണോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇറാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Fashion ⏭️

Back to top button