തേയിലപ്പൊടി ഉപയോഗിച്ച് നരച്ച മുടി കറുപ്പിക്കാം: എളുപ്പവഴികൾ ഇതാ

പ്രതീകാത്മക ചിത്രം
ഇന്നത്തെ കാലത്ത് യുവതലമുറ നേരിടുന്ന ഏറ്റവും വലിയ സൗന്ദര്യ പ്രശ്നങ്ങളിലൊന്നാണ് മുടി അകാലത്തിൽ നരയ്ക്കുന്നത്. പലരും നരച്ച മുടികൾ പറിച്ച് കളയാറുണ്ട്, എന്നാൽ അധികപേരും ഇതിനെ മറച്ചുപിടിക്കാൻ രാസവസ്തുക്കൾ അടങ്ങിയ ഡൈകളെയാണ് അമിതമായി ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം കെമിക്കൽ ഉൽപ്പന്നങ്ങൾ മുടിക്ക് ദോഷകരമാണെന്ന കാര്യം മറക്കരുത്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് മുടി കൊഴിച്ചിലിനും കൂടുതൽ മുടികൾ നരയ്ക്കാനും കാരണമാകുന്നു. അതിനാൽ, മുടിയുടെ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്തമായ മാർഗങ്ങൾ പിന്തുടരുന്നതാണ് ഉചിതം. വീട്ടിൽ തന്നെ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ ഒരു ഹെയർ ഡൈ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തേയിലപ്പൊടി
വെള്ളം
മൈലാഞ്ചിപ്പൊടി
നെല്ലിക്കപ്പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച ശേഷം അതിലേക്ക് ആവശ്യത്തിന് തേയിലപ്പൊടി ചേർക്കുക. വെള്ളം നന്നായി തിളച്ചു വറ്റിയാൽ തീ അണച്ച്, അരിച്ചെടുത്ത് തണുക്കാൻ അനുവദിക്കണം. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി എടുത്ത് അതിലേക്ക് മൈലാഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും പാകത്തിന് ചേർക്കുക. നേരത്തെ തയ്യാറാക്കി വെച്ചിരുന്ന തേയില വെള്ളം ഇതിലേക്ക് അല്പാല്പമായി ഒഴിച്ച് കുഴച്ച് പേസ്റ്റ് പരുവത്തിലാക്കണം. ഇത് ഏകദേശം 10 മിനിറ്റ് നേരം മൂടി വെക്കുക. ശേഷം എണ്ണമയമില്ലാത്ത മുടിയിൽ ബ്രഷ് ഉപയോഗിച്ച് ഈ മിശ്രിതം തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുടിക്ക് സ്വാഭാവികമായ നിറം നൽകാൻ ഈ വിദ്യ ഫലപ്രദമാണ്.
ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്ന ഹെയർ ഡൈ നിർമ്മാണ രീതി വിവരങ്ങൾക്കായി മാത്രമുള്ളതാണ്. എല്ലാവരിലും ഇത് ഒരേ ഗുണം നൽകണമെന്നില്ല. ഉപയോഗിക്കുന്നതിന് മുമ്പ് ചർമ്മത്തിൽ ഒരു പാച്ച് ടെസ്റ്റ് (അലർജി പരിശോധന) നടത്താൻ ശ്രദ്ധിക്കുക. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ ചൊറിച്ചിലോ അനുഭവപ്പെടുകയാണെങ്കിൽ ഉപയോഗം ഉടൻ നിർത്തുക. അകാലനരയുമായി ബന്ധപ്പെട്ട കടുത്ത ആശങ്കകൾ ഉണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റുമായി സംസാരിക്കുന്നത് നന്നായിരിക്കും.




