വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗ്: ബാറ്റിങ്ങിൽ പുത്തൻ ശൈലിയുമായി ഗില്ലിനൊപ്പം പരിശീലനം

ഒമാനിലെ അൽ അമിറാത്തിൽ നടന്ന അണ്ടർ-19 ഏഷ്യാ കപ്പ് പോരാട്ടത്തിൽ യുഎഇക്കെതിരെ മിന്നുന്ന പ്രകടനമാണ് ആര്യവീർ സേവാഗ് പുറത്തെടുത്തത്. 160 റൺസ് അടിച്ചെടുത്തതോടെ ഇന്ത്യൻ ക്രിക്കറ്റിലെ ചരിത്രനേട്ടങ്ങളിലേക്ക് ഈ യുവതാരം തന്റെ പേരും ചേർത്തു. ശുഭ്മൻ ഗില്ലിനെയും മായങ്ക് അഗർവാളിനെയും പോലുള്ള വമ്പൻ താരങ്ങൾക്കൊപ്പം ഒരു സുപ്രധാന റെക്കോർഡിന് ആര്യവീർ അർഹനായി. ആകെ നേരിട്ട 168 പന്തുകളിൽ നിന്ന് 17 ഫോറുകളും ഏഴ് സിക്സറുകളും സഹിതമാണ് ഈ വലംകൈയൻ ബാറ്റർ റൺമല തീർത്തത്. യൂത്ത് ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളിൽ അഞ്ചാമതായാണ് ആര്യവീർ ഇടംപിടിച്ചത്. അണ്ടർ-19 തലത്തിൽ ശുഭ്മൻ ഗില്ലും മായങ്ക് അഗർവാളും കുറിച്ച 160 റൺസ് എന്ന സ്കോറിന് തുല്യമാണ് ആര്യവീറിന്റെ ഈ നേട്ടം.
യൂത്ത് ഏകദിനത്തിൽ ഒരു ഇന്ത്യൻ താരം കുറിച്ച ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് ഇപ്പോഴും അമ്പാട്ടി റായിഡുവിന്റെ കൈവശം ഭദ്രമാണ്. 2002-ൽ ടോണ്ടനിൽ വെച്ച് ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരെ പുറത്താകാതെ നേടിയ 177 റൺസാണ് റായിഡുവിനെ ഒന്നാമനാക്കുന്നത്. തൊട്ടുപിന്നിലായി വൈഭവ് സൂര്യവംശിയും മികച്ച നേട്ടങ്ങളുമായി തിളങ്ങുന്നുണ്ട്. 2026-ലെ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെറും 80 പന്തിൽ 175 റൺസെടുത്ത വൈഭവ് റായിഡുവിന്റെ റെക്കോർഡിന് തൊട്ടടുത്തെത്തിയിരുന്നു. കൂടാതെ, 2025-ൽ യുഎഇക്കെതിരെ 171 റൺസ് അടിച്ചുകൂട്ടിയതും വൈഭവ് തന്നെയാണ്. പട്ടികയിൽ മൂന്നാം സ്ഥാനവും ഈ യുവതാരത്തിന് സ്വന്തം.
പിതാവ് വീരേന്ദർ സേവാഗിന്റെ ബാറ്റിങ് രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ശൈലിയാണ് ആര്യവീറിന്റേത്. പന്തുകണ്ട് അടിക്കുക എന്നതിലുപരി, കൃത്യമായ ടെക്നിക്കൽ മികവാണ് ആര്യവീർ പുലർത്തുന്നത്. വീരുവിന്റെ പ്രശസ്തമായ ‘സ്റ്റാൻഡ് ആൻഡ് ഡെലിവർ’ ശൈലിയല്ല ആര്യവീർ പിന്തുടരുന്നത്; മറിച്ച് കൂടുതൽ പരമ്പരാഗതമായ ശൈലിയാണ് താരം സ്വീകരിച്ചിരിക്കുന്നത്. ക്രീസിലെത്തുമ്പോൾ പതറാതെ പിടിച്ചുനിൽക്കാനും, സാഹചര്യത്തിനനുസരിച്ച് പിന്നീട് ആക്രമണകാരിയായി മാറാനുമുള്ള ആര്യവീറിന്റെ മിടുക്ക് ശ്രദ്ധേയമാണ്. ഫൂട്ട് വർക്കിലും ക്രീസിന്റെ ഉപയോഗത്തിലും മികച്ച പ്രാവീണ്യമുള്ള താരം, സ്പിൻ ബൗളർമാർക്കെതിരെ അനായാസം സ്കോർ ചെയ്യുന്നു. വേഗത കുറഞ്ഞ പന്തുകളെ അടിച്ചകറ്റാൻ ആവശ്യമായ വൈവിധ്യമാർന്ന ഷോട്ടുകളും താരത്തിന്റെ ബാറ്റിങ് ആയുധപ്പുരയിലുണ്ട്.




