ജനൽ കമ്പികളിലെ കറ നീക്കി തിളക്കം കൂട്ടാൻ ഈ വിദ്യ പരീക്ഷിക്കൂ

പ്രതീകാത്മക ചിത്രം
വീടിനുള്ളിലെ പൊടിപടലങ്ങളും അഴുക്കും അടുക്കളയിലെ പാചകവുമായി ബന്ധപ്പെട്ട എണ്ണമയവുമെല്ലാം പതിയെ നമ്മുടെ ജനൽക്കമ്പികളിൽ അടിയാറുണ്ട്. ആഘോഷവേളകളിലും മറ്റും വീട് വൃത്തിയാക്കുമ്പോൾ മാത്രമായിരിക്കും പലപ്പോഴും ഇത്തരം കറകൾ നമ്മുടെ കണ്ണിൽപ്പെടുക. അപ്പോഴേക്കും ജനൽക്കമ്പികൾ പഴയതായി മാറിയിട്ടുണ്ടാകും. എന്നാൽ, വിനാഗിരിയും വെള്ളവും മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഈ കറകൾ നീക്കം ചെയ്ത് ജനൽക്കമ്പികൾക്ക് പുതുജീവൻ നൽകാൻ സാധിക്കും.
ആദ്യം മൈക്രോ ഫൈബർ തുണിയോ കോട്ടൺ തുണിയോ ഉപയോഗിച്ച് ജനൽക്കമ്പികളിലെ പൊടി പൂർണ്ണമായും തുടച്ചുനീക്കുക. ഇതിനുശേഷം മാത്രമേ വിനാഗിരി ലായനി ഉപയോഗിക്കാൻ പാടുള്ളൂ. പൊടി നീക്കം ചെയ്യാതെ വെള്ളം നനച്ചാൽ അത് ചെളിയായി മാറാൻ സാധ്യതയുണ്ട്.
വിനാഗിരി ലായനി
തുല്യ അളവിൽ വിനാഗിരിയും ഇളം ചൂടുവെള്ളവും ചേർത്ത് യോജിപ്പിച്ച ശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി സൂക്ഷിക്കുക. അലൂമിനിയം, വിനൈൽ, ലോഹ നിർമ്മിതമായ ജനൽക്കമ്പികൾക്ക് ഇത് ഉത്തമമാണ്. സുരക്ഷയ്ക്കായി ആദ്യം ചെറിയൊരു ഭാഗത്ത് ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്. ലായനി നേരിട്ട് കമ്പികളിലേക്കോ അല്ലെങ്കിൽ തുണിയിലേക്കോ സ്പ്രേ ചെയ്ത ശേഷം തുടയ്ക്കാവുന്നതാണ്. ശേഷം നനവ് മാറാനായി ഉണങ്ങിയ തുണി ഉപയോഗിച്ച് ഒന്നുകൂടി തുടച്ചു വൃത്തിയാക്കുക. അടുക്കളയിലെ ജനലുകളിൽ എണ്ണക്കറ കൂടുതലായി കാണപ്പെടുന്നതിനാൽ, ലായനി സ്പ്രേ ചെയ്ത ശേഷം കുറച്ചു സമയം കഴിഞ്ഞ് മാത്രം തുടച്ചു നീക്കുന്നതാണ് കൂടുതൽ ഫലം നൽകുക.
തടി, മുള, സെല്ലുലാർ മെറ്റീരിയലുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ജനൽക്കമ്പികൾ വൃത്തിയാക്കാൻ ഈ മിശ്രിതം ഒഴിവാക്കണം. രണ്ടാഴ്ചയിലൊരിക്കൽ ഇത്തരത്തിൽ പൊടി തുടച്ചു വൃത്തിയാക്കിയാൽ ജനൽക്കമ്പികൾ എപ്പോഴും പുതുപുത്തനായി നിലനിർത്താൻ സാധിക്കും.




