SPORTS

ഹെൽമറ്റ് ധരിച്ച് നടക്കവേ സഞ്ജു സാംസണെ കണ്ടുമുട്ടി അഖില; സമൂഹമാധ്യമങ്ങളിൽ വൈറലായി ആരാധക നിമിഷം

തലയിൽ ഹെൽമറ്റും ധരിച്ച് കവടിയാർ റോഡിലൂടെ ശാന്തനായി നടന്നുപോകുന്ന ഒരാൾ. തിരക്കേറിയ നഗരവീഥിയിൽ ആ കാഴ്ച അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും, സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കാൻ എത്തിയ അഖിലയുടെ കണ്ണുകൾ ആ രൂപത്തിൽ ഉടക്കി. ഏറെ നാളായി താൻ കാത്തിരുന്ന ആ നിമിഷം മുന്നിലെത്തിയതിന്റെ ആവേശത്തിലായിരുന്നു അഖില. ഉടൻ തന്നെ വാഹനം ഒതുക്കി നിർത്തി ‘ചേട്ടാ’ എന്ന് വിളിച്ച് പുറകേ ഓടി. ആദ്യം ശ്രദ്ധിച്ചില്ലെങ്കിലും ഉറക്കെ ‘സഞ്ജു ചേട്ടാ’ എന്ന് വിളിച്ചതോടെ കറുത്ത ടീഷർട്ടും ഷോർട്സും ധരിച്ച് ഹെൽമറ്റും ബാഗുമായി നടന്നുവന്ന ആൾ തിരിഞ്ഞു നിന്നു. ‘മനസ്സിലായല്ലേ…?’ എന്ന സഞ്ജുവിന്റെ ചോദ്യം കേട്ടപ്പോൾ അഖില ശരിക്കും അമ്പരന്നു പോയി.

ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയ്ക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ സഞ്ജു സാംസൺ ഇപ്പോൾ തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം വിശ്രമത്തിലാണ്. സ്വകാര്യ ആവശ്യങ്ങൾക്കായി കവടിയാറിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ആരാധകയായ അഖിലയെ സഞ്ജു കണ്ടുമുട്ടിയത്. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ ലഭിച്ച ഈ കൂടിക്കാഴ്ചയെക്കുറിച്ച് അഖില ‘മനോരമ ഓൺലൈനി’നോട് പങ്കുവെച്ചു.

പത്തനംതിട്ട സ്വദേശിനിയായ അഖില നിലവിൽ തിരുവനന്തപുരം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടേറ്റിൽ ക്ലർക്കായി ജോലി ചെയ്യുകയാണ്. സ്പോർട്സ് ക്വാട്ടയിലാണ് അഖിലയ്ക്ക് സർക്കാർ ജോലി ലഭിച്ചത്. മികച്ചൊരു ഫെൻസിങ് താരമായ അഖില, കോമൺവെൽത്ത് ചാംപ്യൻഷിപ്പ്, ഏഷ്യൻ ചാംപ്യൻഷിപ്പ്, തായ്‍ലൻഡ് ഓപ്പൺ തുടങ്ങി ഒട്ടേറെ രാജ്യാന്തര, ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. സ്പോർട്സ് കോച്ചിങ്ങിൽ ഡിപ്ലോമ നേടിയ അഖില, വയനാട് സ്പോർട്സ് കൗൺസിലിൽ പരിശീലകയായും പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ പരിശീലകയായും സേവനമനുഷ്ഠിച്ച അഖിലയ്ക്ക് 2025-ലാണ് സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിക്കുന്നത്.

Auto ⏭️

Back to top button