ജപ്പാനിലെ ഭൂചലനം: റെയിൽവേ പാളങ്ങൾക്ക് തകരാർ, ബുള്ളറ്റ് ട്രെയിൻ സർവീസ് തടസ്സപ്പെട്ടു

ടോക്കിയോ: മധ്യ ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുപത്തിരണ്ട് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പുലർച്ചെ 1.04-ഓടെയാണ് ഭൂമിയുടെ കുലുക്കം അനുഭവപ്പെട്ടത്.
ഷീസുവോക്ക പ്രവിശ്യയുടെ പടിഞ്ഞാറൻ മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഐച്ചി പ്രവിശ്യയിലാണ് ഭൂചലനത്തിന്റെ ആഘാതം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. ഇതിനുപുറമെ, നാഗാനോ, ഗിഫു എന്നീ മേഖലകളിലും പ്രകമ്പനം പ്രകടമായി.
ഭൂചലനത്തെത്തുടർന്ന് പലയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ ചില്ലുകൾ തകർന്നു വീണു. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ജീവൻ രക്ഷിക്കാനായി പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. കെട്ടിടങ്ങളിൽ നിന്ന് തിടുക്കത്തിൽ പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പലർക്കും പരിക്കേറ്റത്. അതേസമയം, നിലവിൽ സുനാമി മുന്നറിയിപ്പുകളൊന്നും അധികൃതർ പുറപ്പെടുവിച്ചിട്ടില്ല.




