HEALTH

ഇനി വ്യായാമം ചെയ്യാൻ പറ്റില്ലെന്നാണോ ചിന്ത? സുരക്ഷിതമായി എന്തുചെയ്യാമെന്ന് ചിന്തിക്കൂ


ഇന്ന് ലോക ഫിസിയോതെറാപ്പി ദിനമാണ്. വേദനകളും ചലിക്കാനുള്ള ബുദ്ധിമുട്ടുകളും കുറച്ച് ആത്മവിശ്വാസത്തോടെ ദൈനംദിന ജീവിതത്തിലേക്ക് മടങ്ങിയെത്താൻ നമ്മെ സഹായിക്കുന്ന ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി. അപകടങ്ങൾ, സ്പോർട്സ് പരിക്കുകൾ, ശസ്ത്രക്രിയകൾ, നടുവേദന, കഴുത്തുവേദന, സന്ധിവേദന തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങളിൽ ശരീരത്തിന്റെ ചലനശേഷിയും പേശികളുടെ ശക്തിയും മെച്ചപ്പെടുത്തുന്നതിന് ഫിസിയോതെറാപ്പി ഫലപ്രദമായി ഉപയോഗിക്കുന്നു. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതിയും ആവശ്യങ്ങളും വിലയിരുത്തി അനുയോജ്യമായ വ്യായാമങ്ങളും ചികിത്സാരീതികളും നൽകുന്നതിലൂടെ ശരീരത്തിന്റെ സ്വാഭാവികപ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ ഫിസിയോതെറാപ്പി സഹായിക്കും. ‘ഹൃദ്രോഗങ്ങളുടെയും പക്ഷാഘാതത്തിന്റെയും പ്രതിരോധം, ചികിത്സ, സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരൽ എന്നിവയിൽ ഫിസിയോതെറാപ്പിയുടെ പങ്ക്’ എന്നതാണ് ഇത്തവണത്തെ ഫിസിയോതെറാപ്പിദിനപ്രമേയം.നടക്കുന്നതും പടികൾ കയറുന്നതും കസേരയിൽ നിന്നെഴുന്നേൽക്കുന്നതുമെല്ലാം ആളുകളെ സംബന്ധിച്ചിടത്തോളം സ്വാഭാവിക കാര്യങ്ങളാണ്. എന്നാൽ ഹൃദയം, തലച്ചോർ, പേശികൾ, നാഡീവ്യവസ്ഥ എന്നിവയുടെ ഏകോപനമാണ് ഈ പ്രവൃത്തികളെല്ലാം ചെയ്യാൻ നമ്മെ സഹായിക്കുന്നത്. ഇതിലെ തകരാറുകളാണ് ചലനശേഷിയെയും സ്വതന്ത്രജീവിതത്തെയും ബാധിക്കുന്നതും. ശരീരത്തെ സജീവമാക്കാം  സാങ്കേതികവിദ്യ നമ്മുടെ ജീവിതം എളുപ്പമാക്കിയപ്പോൾ ദൈനംദിന ചലനം പലരിലും കുറഞ്ഞു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, പുകവലി, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയ്ക്കൊപ്പം ചലനക്കുറവും കൂടിയാകുമ്പോൾ അത് ഹൃദയാരോഗ്യത്തെ കാര്യമായിത്തന്നെ ബാധിക്കുന്നു. അതുകൊണ്ട് ശരീരത്തെ സജീവമാക്കി നിർത്താനാണ് ഫിസിയോ തെറാപ്പിസ്റ്റുകൾ എപ്പോഴും നിർദേശിക്കുന്നത്.നടക്കുക, സൈക്കിൾ ചവിട്ടുക, വീട്ടുജോലികൾ ചെയ്യുക, പൂന്തോട്ടപരിപാലനം, പടികൾ കയറുക എന്നിവയെല്ലാം ആരോഗ്യകരമായ ശാരീരിക പ്രവർത്തനങ്ങളാണ്. എന്നാൽ എല്ലാവർക്കും ഒരേ വ്യായാമം അനുയോജ്യമല്ല. പ്രായം, രോഗചരിത്രം, ശാരീരികക്ഷമത, പേശികളുടെ ശക്തി, ബാലൻസ്, ചലനശേഷി എന്നിവ പരിഗണിച്ചാണ് ഒരു ഫിസിയോതെറാപ്പിസ്റ്റ് അനുയോജ്യമായ വ്യായാമപദ്ധതി തയ്യാറാക്കുന്നത്.ഹൃദയാഘാതത്തിന് ശേഷം വീണ്ടും സജീവജീവിതത്തിലേക്ക് ഹൃദയാഘാതം സംഭവിച്ചവരിലും ആൻജിയോപ്ലാസ്റ്റി, അല്ലെങ്കിൽ ബൈപാസ്സ് സർജറി കഴിഞ്ഞവരിലും ‘ഇനി വ്യായാമം സുരക്ഷിതമാണോ?’ എന്ന ആശങ്ക സാധാരണമാണ്. ഡോക്ടറുടെ നിർദേശവും ആവശ്യമായ വിലയിരുത്തലും വിദഗ്ധ മേൽനോട്ടവും അടിസ്ഥാനമാക്കി നടത്തുന്ന കാർഡിയാക് റിഹാബിലിറ്റേഷൻ സുരക്ഷിതമായി വീണ്ടും സജീവജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുന്നു. ശ്വസനവ്യായാമങ്ങൾ, സുരക്ഷിതമായ ചലനങ്ങൾ, നടത്തം, aerobic, strengthening exercises എന്നിവ ആരോഗ്യനില അനുസരിച്ച് ഘട്ടംഘട്ടമായി നൽകാം.


Cinema ⏭️

Back to top button