LIFESTYLE

വാഴയിലയിൽ കരിമീൻ പൊള്ളിച്ചതും നെത്തോലി വറുത്തതും: വിദേശിയെ അമ്പരപ്പിച്ച കേരളീയ രുചിപ്പെരുമ


കരിമീൻ പൊള്ളിച്ചത്

ലോകമെമ്പാടുമുള്ള മികച്ച 100 മത്സ്യ വിഭവങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ കേരളത്തിന്റെ തനത് വിഭവമായ കരിമീൻ പൊള്ളിച്ചതും സ്ഥാനം പിടിച്ചു. ഇതിനൊപ്പം തമിഴ്‌നാടിന്റെ തനത് രുചിയായ നെത്തോലി ഫ്രൈയും ഈ നേട്ടം സ്വന്തമാക്കി.

ഭക്ഷണപ്രേമികൾക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ആഗോള ഗൈഡായ ‘ടേസ്റ്റ് അറ്റ്ലസ്’ ആണ് ഈ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരിമീൻ പൊള്ളിച്ചത് 34-ാം റാങ്കും, നെത്തോലി ഫ്രൈ 65-ാം റാങ്കും കരസ്ഥമാക്കി. സാധാരണയായി യൂറോപ്യൻ, ഏഷ്യൻ, തെക്കേ അമേരിക്കൻ വിഭവങ്ങൾക്കാണ് ഈ പട്ടികയിൽ മുൻഗണന ലഭിക്കാറുള്ളത്. അതിനാൽ തന്നെ, കരിമീനിനും നെത്തോലിക്കും കൈവരിക്കാനായ ഈ അംഗീകാരം ഏറെ ശ്രദ്ധേയമാണ്. കേരളത്തിന്റെ ഔദ്യോഗിക മത്സ്യമാണ് കരിമീൻ.

4.2 റേറ്റിംഗോടെയാണ് കരിമീൻ പൊള്ളിച്ചത് പട്ടികയിൽ ഇടംപിടിച്ചത്. കേരളത്തിലെ കായലുകളിൽ സുലഭമായി ലഭിക്കുന്ന ‘പേൾ സ്‌പോട്ട്’ അഥവാ ‘ഗ്രീൻ ക്രോമൈഡ്’ എന്നറിയപ്പെടുന്ന മീനാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇഞ്ചി, വെളുത്തുള്ളി, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് വെളിച്ചെണ്ണയിൽ പാകം ചെയ്‌തെടുക്കുമ്പോൾ ലഭിക്കുന്ന തനത് രുചിയും മണവും ഭക്ഷണപ്രേമികളെ ആകർഷിക്കുന്നു. മസാലകൾ പുരട്ടി മൊരിച്ചെടുക്കുന്നതാണ് നെത്തോലി ഫ്രൈയുടെ പ്രത്യേകത; ഇതിന്റെ എരിവും രുചിയുമാണ് വിഭവത്തെ വേറിട്ടു നിർത്തുന്നത്.

ഈ രണ്ട് വിഭവങ്ങൾ ആഗോള ശ്രദ്ധ നേടിയത് ഇന്ത്യയുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ വിശാലവും സമ്പന്നവുമായ പാചക പാരമ്പര്യത്തിന് ലഭിച്ച വലിയൊരു അംഗീകാരമായാണ് ഈ നേട്ടത്തെ ഭക്ഷണവിദഗ്ധർ വിശേഷിപ്പിക്കുന്നത്.

Sports ⏭️

Back to top button