BUSINESS

60,000 കോടി രൂപയുടെ കൊള്ള: കൊറിയൻ സംഘത്തിന്റെ തട്ടിപ്പും ‘ട്രേഡർ ട്രെയ്റ്റർ’ എന്ന ദുരൂഹതയും

ന്യൂഡൽഹി: ആഗോളതലത്തിൽ മുൻനിരയിലുള്ള ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബൈനാൻസിനെ ലക്ഷ്യമാക്കി നടന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈബർ കവർച്ച. കമ്പനിയുടെ വോലറ്റുകളിൽ സൂക്ഷിച്ചിരുന്ന 636 കോടി ഡോളറിലധികം (ഏകദേശം 60,000 കോടി രൂപ) മൂല്യം വരുന്ന ക്രിപ്റ്റോ ആസ്തികളാണ് ഹാക്കർമാർ തട്ടിയെടുത്തത്. ഈ വൻ തട്ടിപ്പിനു പിന്നിൽ ഉത്തര കൊറിയൻ ആസ്ഥാനമായുള്ള കുപ്രസിദ്ധ ഹാക്കർ സംഘമായ ‘ട്രേഡർ ട്രെയ്റ്റർ’ ആണെന്ന് ബ്ലോക്ക്ചെയിൻ നിരീക്ഷണ ഏജൻസിയായ ടിആർഎം സ്ഥിരീകരിച്ചു. കവർച്ച ചെയ്യപ്പെട്ട തുകയിൽ ഏകദേശം 300 കോടി ഡോളർ (ഏകദേശം 28,000 കോടി രൂപ) അടിയന്തരമായി മരവിപ്പിക്കാൻ ബൈനാൻസിന് സാധിച്ചു.

കഴിഞ്ഞ വർഷം ‘ബൈബിറ്റ്’ എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിൽ നടന്ന 150 കോടി ഡോളറിന്റെ കവർച്ചയ്ക്കു പിന്നിലും ഇതേ ഉത്തര കൊറിയൻ സംഘമാണെന്ന് നേരത്തെ എഫ്ബിഐ വ്യക്തമാക്കിയിരുന്നു. ബൈനാൻസിൽ നടന്ന ആക്രമണവും സമാനമായ രീതിയിലാണെന്ന് മറ്റ് സൈബർ അനലിറ്റിക്സ് കമ്പനികളും ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ എക്സ്ചേഞ്ചിൽനിന്ന് പണം പിൻവലിക്കുന്നതിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാൻ അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

നിക്ഷേപം സുരക്ഷിതം

നടന്നത് വലിയ സൈബർ ആക്രമണമാണെങ്കിലും ഉപഭോക്താക്കളുടെ നിക്ഷേപം പൂർണമായും സുരക്ഷിതമാണെന്ന് ബൈനാൻസ് സ്ഥാപകൻ ഷാങ്പെങ് ഷാവോ ഉറപ്പുനൽകി. നിലവിൽ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ താൻ പങ്കാളിയല്ലെങ്കിലും, ഒരു പ്രധാന ഓഹരി ഉടമ എന്ന നിലയിൽ ഉപഭോക്താക്കൾക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പ്രതിസന്ധിയെത്തുടർന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യത കമ്പനി പൂർണമായും ഏറ്റെടുക്കുമെന്ന് ബൈനാൻസും അറിയിച്ചു.

വെറും 20 മിനിറ്റിനുള്ളിൽ 10 വ്യത്യസ്ത ബ്ലോക്ക്ചെയിൻ ശൃംഖലകൾ ഉപയോഗിച്ചാണ് പണം അജ്ഞാത അക്കൗണ്ടുകളിലേക്ക് മാറ്റിയത്. കമ്പനിയിലെ ഒരു എൻജിനീയറുടെ ലാപ്ടോപ്പിലുണ്ടായിരുന്ന സുരക്ഷാ പിഴവാണ് തട്ടിപ്പിന് തുടക്കമിട്ടതെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും, തട്ടിപ്പിന്റെ രീതി വളരെ സങ്കീർണ്ണമാണെന്ന് തുടർ അന്വേഷണത്തിൽ തെളിഞ്ഞു. ക്രിപ്റ്റോകറൻസികളുടെ വ്യാപാരത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളാണ് ബൈനാൻസ് പോലുള്ള വെർച്വൽ എക്സ്ചേഞ്ചുകൾ.

Travel ⏭️

Back to top button