റീൽസുകളിലെ തിളക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വലിയ അപകടം: കെണിയിൽ വീഴരുത്, മുന്നറിയിപ്പുമായി വിദഗ്ധർ

പ്രതീകാത്മക ചിത്രം
ഇൻസ്റ്റഗ്രാം റീൽസുകളിലും സോഷ്യൽ മീഡിയയിലും ഇന്ന് ഏറെ തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ‘ഗ്ലോയിംഗ് സ്കിൻ ഐവി ഡ്രിപ്പുകൾ’. തിളക്കമാർന്ന ചർമ്മം ലഭിക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ പറയുന്നത്. എന്നാൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണമാകുമെന്നും അതിനാൽ ഇത്തരം ചികിത്സകൾ പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഡോക്ടർമാർ.
ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഗ്ലൂട്ടാത്തയോൺ ഉൾപ്പെടെയുള്ളവ വെറും തട്ടിപ്പ് മാത്രമാണെന്നും ഇതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോസ്മറ്റോളജി എന്നത് യഥാർത്ഥ മെഡിക്കൽ മേഖലയല്ലെന്നും ഇത്തരം ഡ്രിപ്പുകൾ നൽകുന്ന ക്ലീനിക്കുകൾ അപകടമേഖലകളാണെന്നും ഇവർ വ്യക്തമാക്കുന്നു.
ഗ്ലൂട്ടാത്തയോൺ ഉപയോഗിക്കുന്നതുവഴി ചർമ്മത്തിന് ഉണ്ടാകുന്ന മാറ്റം തികച്ചും താൽക്കാലികം മാത്രമാണെന്നും ശരീരം സ്വാഭാവികമായി മെലാനിൽ ഉൽപ്പാദിപ്പിക്കുന്നത് തുടരുന്നതിനാൽ ഇത്തരം മരുന്നുകൾ നിർത്തുന്നതോടെ ചർമ്മത്തിന് പഴയനിറം വരുമെന്നും അതിനാൽ ഇതിനായി വൻ തുക മുടക്കുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കായി ഈ ഐവി ഡ്രിപ്പുകൾ ഉപയോഗിക്കുന്നതിന് ഔദ്യോഗികമായ അംഗീകാരമില്ല. അതിനാൽ പല ക്ലീനിക്കുകളും ഗുണനിലവാരമില്ലാത്ത മിശ്രിതങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും.
സെപ്സിസ് അഥവാ കടുത്ത അണുബാധ മൂലം രക്തത്തിൽ വിഷാംശം കലരുന്ന അവസ്ഥ, കരൾ, വൃക്കഎന്നിവയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു, അനാഫിലാക്സിസ് പോലുള്ള കടുത്ത അലർജികൾ, സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം, ടോക്സിക് എപ്പിഡെർമൽ നെക്രോലിസിസ് തുടങ്ങിയ മരണത്തിന് വരെ കാരണമായേക്കാവുന്ന ചർമ്മ രോഗങ്ങൾക്കും ഇത് കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ സോഷ്യൽ മീഡിയയിലെ ഇത്തരം വ്യാജ ട്രെൻഡുകളുടെ പുറകെ പോയി സ്വന്തം ആരോഗ്യം അപകടത്തിലാക്കരുതെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
English Summary
Doctors warn against trending ‘glowing skin IV drips’ on social media, citing serious health risks. Experts state ingredients like glutathione lack scientific evidence, and effects are temporary. These unapproved cosmetic treatments can lead to severe infections, organ damage, and potentially fatal skin conditions. The public is urged to avoid such dangerous, unproven trends.
RELATED TOPICS: GLOWING SKIN IV DRIP, IV DRIP SIDE EFFECTS, DOCTORS WARNING, VIRAL BEAUTY TREATMENTS
Travel ⏭️


