HEALTH

നിപ മരുന്ന് വിഷയത്തിൽ കെ. മുരളീധരൻ മാപ്പ് പറയണം: വീണാ ജോർജ്

തിരുവനന്തപുരം: നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്നാരോപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ നടത്തിയ പ്രസ്താവന അവാസ്തവമാണെന്നും, തെറ്റായ ഈ പരാമർശം തിരുത്തി മന്ത്രി മാപ്പുപറയണമെന്നും മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. അതീവ ഗൗരവമുള്ള ഒരു വിഷയത്തിൽ ഉത്തരവാദിത്തമില്ലാത്ത രീതിയിലുള്ള ഇത്തരം പ്രസ്താവനകൾ എങ്ങനെയാണ് മന്ത്രിക്ക് നടത്താൻ കഴിയുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

നിപ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ കൃത്യമായി സൂക്ഷിക്കുന്നുണ്ടെന്നും, ഏതെല്ലാം മരുന്നുകൾ നൽകിയെന്നതിനും ചികിത്സാ നടപടികൾക്കുമുള്ള വ്യക്തമായ തെളിവുകൾ കൈവശമുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു. “മരുന്നിലെ എക്സ്പയറി ഡേറ്റ് ആർക്കും വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇത്തവണയും മരുന്ന് കൊണ്ടുവന്നത്, ബഹ്‌റൈൻ വിദേശ രാജ്യമല്ലേ? അങ്ങനെയൊരു സാഹചര്യത്തിൽ കാലഹരണപ്പെട്ട മരുന്ന് ഉപയോഗിക്കാൻ സാധിക്കില്ല. സഭയിൽ ഉന്നയിക്കപ്പെട്ട വിഷയം മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്, അതിനാൽ മറുപടി തയ്യാറാക്കാൻ മന്ത്രിക്ക് ആവശ്യത്തിന് സമയമുണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ വേണ്ടി മാത്രമാണ് അടിസ്ഥാനരഹിതമായ ഇത്തരം കാര്യങ്ങൾ അദ്ദേഹം പറയുന്നത്,” വീണാ ജോർജ് വിമർശിച്ചു.

നിപ ബാധിതരായ അഞ്ച് പേർക്ക് നൽകിയ മരുന്ന് ഏറെ ഫലപ്രദമായിരുന്നുവെന്നും, രോഗം ഭേദമായ അവർ ഇപ്പോൾ ജീവനോടെയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സാധാരണയായി 70 ശതമാനത്തിലധികം മരണനിരക്കുള്ള നിപയിൽ, കേരളത്തിൽ മരണനിരക്ക് കുറച്ചുകൊണ്ടുവരാൻ സാധിച്ചുവെന്നതും ശ്രദ്ധേയമാണ്. എന്നാൽ, മറുഭാഗത്ത് നിയമസഭയിൽ താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രി കെ. മുരളീധരൻ. 2023 മുതൽ നിപ ചികിത്സയ്ക്കായി ഉപയോഗിച്ചത് കാലാവധി കഴിഞ്ഞ മരുന്നാണെന്നും, ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ആവർത്തിച്ചു. ക്ലിനിക്കൽ ട്രയലിനായി മരുന്ന് ഉപയോഗിച്ചോ എന്ന് സംശയമുണ്ടെന്നും, എന്നാൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കാതെ കൂടുതൽ അഭിപ്രായപ്രകടനം നടത്തുന്നില്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം, കഴിഞ്ഞവർഷം കേരളത്തിൽ റിപ്പോർട്ട് ചെയ്ത നിപ മരണങ്ങളിൽ റെംഡെസിവർ മരുന്ന് നൽകിയിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Life Style ⏭️

Back to top button