NEWS
‘പാലായിൽ ഒഴിവു വന്നതായി പ്രഖ്യാപിക്കണം’; മാണി സി.കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജിയിൽ നോട്ടിസ് അയച്ച് ഹൈക്കോടതി

കൊച്ചി ∙ ചെക്ക് കേസിൽ മുംബൈ കോടതി ശിക്ഷിച്ച പാലാ എംഎൽഎ മാണി സി.കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജിയിൽ നോട്ടിസ് അയച്ച് ഹൈക്കോടതി. പാലക്കാട് സ്വദേശിയും മുംബൈയിൽ വ്യവസായിയുമായ ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് ബന്ധപ്പെട്ട കക്ഷികളായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന സർക്കാർ, നിയമസഭാ സ്പീക്കർ, മാണി സി. കാപ്പൻ എന്നിവർക്ക് നോട്ടിസ് അയയ്ക്കാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നിർദേശിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത തിങ്കളാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് നിർദേശം. ഹൈക്കോടതിയിൽ ഹർജി നൽകിയ ദിനേശ് മേനോന്റെ പരാതിയിൽ തന്നെയാണ് മുംബൈ കോടതി മാണി സി.കാപ്പനെ ശിക്ഷിച്ചതും.ബിസിനസ് ആവശ്യങ്ങൾക്കായി 2010 ൽ വാങ്ങിയ രണ്ട് കോടി രൂപ തിരിച്ചടയ്ക്കുന്നതിനായി നൽകിയ ചെക്കുകൾ മടങ്ങിയ കേസിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് മുംബൈ ബോറിവലി അഡിഷനൽ മെട്രോപൊലിറ്റൻ മജിസ്ട്രേട്ട് കോടതി നാല് കേസുകളിലായി മാണി സി.കാപ്പനെ ശിക്ഷിച്ചിരുന്നു. നാലു കേസുകളിലുമായി മൂന്നര വർഷം തടവും പരാതിക്കാരനു 5.30 കോടി രൂപ നഷ്ടപരിഹാരവുമായിരുന്നു ഉത്തരവിലെന്ന് ഹർജിയിൽ പറയുന്നു. നാലു ചെക്കു കേസുകളിലും വെവ്വേറെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത് എന്നും ആകെ മൂന്നര വർഷമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിയിൽ പറഞ്ഞിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
Fashion ⏭️


