HEALTH

പ്രമേഹം കാലക്രമേണ പാദങ്ങളെ ബാധിക്കുന്നതെങ്ങനെ? ഡയബറ്റിക് ഫൂട്ട് സംരക്ഷണവും മുൻകരുതലുകളും


പ്രതീകാത്മക ചിത്രം

രക്തത്തിൽ പഞ്ചസാരയുടെ അളവ് (High Blood Sugar) ദീര്‍ഘകാലം ഉയര്‍ന്നുനില്‍ക്കുന്നത് ഞരമ്പുകള്‍, രക്തക്കുഴലുകള്‍, കോശങ്ങള്‍ എന്നിവയെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇത് സംഭവിക്കുന്നത്. കാലക്രമേണ ഇത് വേദന, തരിപ്പ്, രക്തയോട്ടക്കുറവ്, മുറിവുകൾ ഉണങ്ങാൻ താമസം നേരിടൽ, ഒടുവിൽ ഗുരുതരമായ പാദപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.

പ്രധാനമായും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ

1. ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ (Nerve Damage)
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഞരമ്പുകളെ സാരമായി ബാധിക്കുന്നു. ഇത് തരിപ്പ്, പുകച്ചില്‍, അല്ലെങ്കില്‍ സ്പര്‍ശനശേഷി നഷ്ടപ്പെടല്‍ എന്നിവയ്ക്ക് വഴിവയ്ക്കുന്നു.

2. രക്തയോട്ടക്കുറവ് (Poor Circulation)
തകരാറിലായ രക്തക്കുഴലുകള്‍ കാരണം പാദങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. ഇത് ഓക്‌സിജനും പോഷകങ്ങളും എത്തുന്നതിനെ തടസപ്പെടുത്തുന്നു.

3. മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം (Slow Healing)
ശരീരത്തിന് സ്വയം മുറിവുകള്‍ ഉണക്കാനും അണുബാധകള്‍ക്കെതിരെ പോരാടാനുമുള്ള ശേഷി കുറയുന്നു.

4. അണുബാധയ്ക്കുള്ള സാദ്ധ്യത (Higher Risk of Infection)
രോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ അണുബാധകള്‍ വേഗത്തില്‍ ഉണ്ടാവുകയും അവ ചികിത്സിച്ചു മാറ്റാന്‍ പ്രയാസമാവുകയും ചെയ്യുന്നു.

പാദങ്ങളെ ബാധിക്കുന്ന രീതിയിലെ വിവിധ ഘട്ടങ്ങള്‍

ഘട്ടം 1, പ്രമേഹം മൂലം ഉണ്ടാകുന്ന പ്രവര്‍ത്തനം ആരംഭിക്കുന്നു: രക്തത്തിലെ അധിക പഞ്ചസാര ഞരമ്പുകളെയും രക്തക്കുഴലുകളെയും ബാധിച്ചു തുടങ്ങുന്നു.


ഘട്ടം 2, ഞരമ്പുകള്‍ക്ക് തകരാര്‍ ഉണ്ടാകുന്നു: സ്പര്‍ശനശേഷി, തണുപ്പ്, ചൂട് എന്നിവ അറിയാനുള്ള കഴിവ് കുറയുന്നു.


ഘട്ടം 3, രക്തയോട്ടം കുറയുന്നു: കോശങ്ങളിലേക്ക് ആവശ്യത്തിന് രക്തവും ഓക്‌സിജനും എത്താതാകുന്നു.


ഘട്ടം 4, ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു: ചെറിയ മുറിവുകളോ കുമിളകളോ തടിപ്പുകളോ ശ്രദ്ധയില്‍പ്പെടാതെ പോകുന്നു.


ഘട്ടം 5, മുറിവുകള്‍ ഗുരുതരമാകുന്നു: രോഗപ്രതിരോധശേഷി കുറവായതിനാല്‍ ചെറിയ മുറിവുകള്‍ വലിയ വ്രണങ്ങളായി മാറുന്നു.


ഘട്ടം 6, ഗുരുതരമായ അവസ്ഥ (Complications): അണുബാധ, വലിയ വ്രണങ്ങള്‍ (Ulcers), അല്ലെങ്കില്‍ ഗാംഗ്രീന്‍ (Gangrene) എന്നിവ വരികയും ചിലപ്പോള്‍ പാദം നീക്കം ചെയ്യേണ്ടി വരികയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

പാദങ്ങളില്‍ തരിപ്പ് അല്ലെങ്കില്‍ പുകച്ചില്‍.
വിരലുകളിലോ പാദത്തിലോ സ്പര്‍ശനശേഷി ഇല്ലാതാകുക.
പെട്ടെന്ന് ഉണങ്ങാത്ത മുറിവുകള്‍, തടിപ്പുകള്‍, വ്രണങ്ങള്‍.
ചുവപ്പുനിറം, വീക്കം, ചൂട് അനുഭവപ്പെടുക.
ചര്‍മ്മത്തിന്റെ നിറത്തില്‍ മാറ്റം വരുകയോ, വരളുകയോ ചെയ്യുക.
നടക്കുമ്പോള്‍ പാദങ്ങളില്‍ ഉണ്ടാകുന്ന വേദന.
ദുര്‍ഗന്ധമോ സ്രവങ്ങളോ വരിക.

എങ്ങനെ പ്രതിരോധിക്കാം?

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക.
ദിവസവും പാദങ്ങള്‍ പരിശോധിക്കുക: മുറിവുകളോ മാറ്റങ്ങളോ ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
ശരിയായ ചെരുപ്പുകള്‍ ഉപയോഗിക്കുക: ഒരിക്കലും നഗ്‌നപാദനായി നടക്കരുത്.
ഡോക്ടറെ കാണുക: പതിവായി വിദഗ്ദ്ധ പാദ പരിശോധന നടത്തുക, കൂടാതെ മുകളില്‍ പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വിദഗ്ദ്ധ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായ ചികിത്സയ്ക്ക് വിധേയരാകേണ്ടതാണ്.


Dr. Koshy Mathew Panicker
Consultant General and Laparoscopic Surgery
SUT Hospital, Pattom,TVM
RELATED TOPICS: DIABETIC FOOT, DIABETES FOOT CARE, DIABETIC FOOT PREVENTION, പ്രമേഹം പാദങ്ങളെ ബാധിക്കുന്നത്, DIABETIC FOOT സംരക്ഷണം


Travel ⏭️

Back to top button