SPORTS

ഇങ്ങനെ കളിച്ചാൽ സഞ്ജു ഒരിക്കലും പരാജയപ്പെടില്ല, എല്ലാ മത്സരങ്ങളിലും 50-60 റൺസ് വേണം: ഉപദേശിച്ച് ഗാവസ്കർ


മുംബൈ∙ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിലെ തകർപ്പൻ ബാറ്റിങ്ങിനു പിന്നാലെ സഞ്ജു സാംസണിന് ഉപദേശവുമായി മുൻ ഇന്ത്യൻ താരം സുനില്‍ ഗാവസ്കർ. മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തിൽ 57 റൺസടിച്ചു പുറത്തായിരുന്നു. ആദ്യ പന്തു മുതൽ അടിക്കാതെ സഞ്ജു പതുക്കെ തുടങ്ങുന്നതാണു നല്ലതെന്ന് ഗാവസ്കർ ബ്രോഡ്കാസ്റ്റർമാരുമായുള്ള ചർച്ചയ്ക്കിടെ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിൽ ആദ്യ 12 പന്തുകളിൽ എട്ടു റൺസ് മാത്രമായിരുന്നു സഞ്ജു സ്കോർ ചെയ്തത്. അഭിഷേക് ശർമ തകർത്തടിക്കുമ്പോൾ സിംഗിൾ എടുത്ത് സ്ട്രൈക്ക് കൈമാറിയ സഞ്ജു മികച്ച പിന്തുണയാണ് താരത്തിനു നൽകിയത്. എന്നാൽ പിന്നീട് വമ്പനടികളുമായി കളം നിറഞ്ഞ താരം 20 പന്തുകളിൽനിന്ന് അർധ സെഞ്ചറിയിലെത്തി.ഗ്രൗണ്ടിലെത്തിയ ഉടനെ വമ്പനടികൾക്കു ശ്രമിക്കുന്നതുകൊണ്ടാണ് സഞ്ജു പലപ്പോഴും ബാറ്റിങ്ങിൽ പരാജയപ്പെടുന്നതെന്നും ഗാവസ്കർ പറഞ്ഞു. ‘‘190–200 റൺസൊക്കെ പിന്തുടരുമ്പോഴാണ് ആദ്യ പന്തു മുതല്‍ അടിക്കാൻ ശ്രമിക്കേണ്ടത്. ആ സമയങ്ങളിൽ മറ്റൊന്നും ചെയ്തിട്ട് കാര്യമുണ്ടാകില്ല. പക്ഷേ സഞ്ജു തീർച്ചയായും അപകടകാരിയായ ബാറ്ററാണ്.’’- ഗാവസ്കർ വ്യക്തമാക്കി.


Auto ⏭️

Back to top button