പരുമല പെരുന്നാൾ: മമ്മൂട്ടി എത്തും; സുരക്ഷ ശക്തമാക്കി പൊലീസ്

പരുമല ∙ പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പരുമല പള്ളിയിലും പരിസരങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പത്തനംതിട്ട ജില്ലാ പൊലീസ് ഒരുക്കിയിരിക്കുന്നത്. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇതര ജില്ലകളിൽനിന്നും ആയിരക്കണക്കിന് വിശ്വാസികളും സന്ദർശകരും എത്തിച്ചേരുമെന്നതിനാൽ ഗതാഗത നിയന്ത്രണം, ക്രമസമാധാന പാലനം, ജനത്തിരക്ക് നിയന്ത്രിക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ മുന്നൊരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകി. പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിൽനിന്ന് മാത്രം 500ഓളം പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിക്കുന്നത്. പള്ളിയും സമീപപ്രദേശങ്ങളും അടങ്ങുന്ന മേഖലയെ 11 സെക്ടറുകളായി തിരിച്ചു. ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരിക്കും ഓരോ മേഖലയിലെയും സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.




