കാഞ്ഞിരപ്പള്ളിയിൽ കാർ ഓട്ടോയിലിടിച്ച് തുടർച്ചയായുള്ള കൂട്ടിയിടി; ഏഴ് വാഹനങ്ങൾ തകർന്നു, പത്ത് പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളിയിലെ ചോറ്റി കവലയിൽ ഏഴു വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തുപേർക്ക് പരുക്കേറ്റു. മുണ്ടക്കയം ഭാഗത്തുനിന്നെത്തിയ കാർ മനഃപൂർവം അപകടം ഉണ്ടാക്കിയതാണെന്ന സംശയം ബലപ്പെടുന്നുണ്ട്. ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം.
മുണ്ടക്കയം ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ കാർ ആദ്യം മറ്റൊരു വാഹനത്തിൽ ഇടിച്ചതിനെത്തുടർന്ന് പിന്നാലെ വന്ന വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചു കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് ഈ വലിയ അപകടത്തിൽ തകർന്നത്. വാഹനങ്ങളിലുണ്ടായിരുന്നവർക്ക് പുറമെ വഴിയരികിൽ നിന്ന രണ്ടുപേർക്കും പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരിൽ എട്ടുപേരെ ഇരുപത്തിയാറാം മൈലിലുള്ള മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും രണ്ടുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണ്. മുണ്ടക്കയം ഭാഗത്തുനിന്നെത്തിയ കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ചതാണ് തുടർച്ചയായ അപകടങ്ങൾക്ക് വഴിവെച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.




