HEALTH
50 കിലോ കുറച്ചത് 4 വർഷംകൊണ്ട്; ഭാരം കുറച്ചത് ഇങ്ങനെയെന്ന് അർജുൻ കപൂർ

ഒരുകാലത്ത് അമിതഭാരം നടൻ അർജുൻ കപൂറിനെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ബോളിവുഡിലേക്ക് കടക്കുന്ന സമയത്ത് 140 കിലോ ആയിരുന്നു അദ്ദേഹത്തിന്റെ ഭാരം. ആദ്യസിനിമയിൽ അഭിനയിക്കുന്നതിനുമുമ്പ് 50 കിലോ ഭാരമാണ് അദ്ദേഹം കുറച്ചത്. നാലുവർഷംകൊണ്ടാണ് അമിതവണ്ണം കുറച്ചത്.സിനിമയിൽ വന്ന തുടക്കകാലത്ത് നെപ്പോട്ടിസം, അമിതവണ്ണം എന്നിവയുടെ പേരിൽ അർജുൻ ഏറെ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയശേഷിയും അന്ന് ചോദ്യം ചെയ്യപ്പെട്ടു. ശരീരഭാരം കൂടിയ സമയത്ത് ബോഡി ഷെയ്മിങ്ങിനും ഇരയായി. ഇത്തരം ട്രോളുകൾ തന്റെ മാനസികാരോഗ്യത്തെ ബാധിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. അമിതവണ്ണവുമായുള്ള പോരാട്ടത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. 50 കിലോ ഭാരമാണ് അദ്ദേഹം പലപ്പോഴായി കുറച്ചത്.”50 കിലോ ഭാരം കുറയ്ക്കാൻ എനിക്ക് നാല് വർഷമെടുത്തു. അതൊരു ശാരീരിക പോരാട്ടം എന്നതിലുപരി മാനസികമായ പോരാട്ടം കൂടിയായിരുന്നു. അമ്മയുടെ പിന്തുണ ലഭിച്ചത് എന്റെ ഭാഗ്യമാണ്; എന്നാൽ പലർക്കും അത്തരം വൈകാരികമോ സാമ്പത്തികമോ ആയ പിന്തുണ ലഭിക്കാറില്ല”, അർജുൻ വെളിപ്പെടുത്തി.കോവിഡിനുശേഷമാണ് താൻ സ്വയം സ്‌നേഹിച്ചുതുടങ്ങിയതെന്ന് അർജുൻ പിന്നീട് പറഞ്ഞിട്ടുണ്ട്. ”കോവിഡ് എനിക്കൊരു തിരിച്ചറിവ് നൽകി. കഴിഞ്ഞ പത്ത് വർഷമായി ഞാൻ എന്നെത്തന്നെ വേണ്ടവിധം ശ്രദ്ധിച്ചിരുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഞാൻ തെറാപ്പി ആരംഭിച്ചത്. ജീവിതം ചിട്ടയായി മുന്നോട്ട് കൊണ്ടുപോകുന്ന ഒരാൾക്ക് സഹായം ആവശ്യമില്ലെന്നാണ് പലരും കരുതുന്നത്. എന്നാൽ, ഏറ്റവും കരുത്തരായവർക്ക് പോലും ചിലപ്പോഴൊക്കെ മാനസികമായി വലിയ പ്രയാസങ്ങൾ നേരിടേണ്ടി വരാറുണ്ട്”.ഭാരം കുറയ്ക്കാൻ നടത്തത്തെയാണ് അർജുൻ കൂടുതലായി ആശ്രയിച്ചത്. ”കുട്ടിക്കാലത്ത് അമിതഭാരമുണ്ടായിരുന്നപ്പോൾ പോലും, നടത്തത്തേക്കാൾ മികച്ച മറ്റൊന്നില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഇന്നും, ഭാരം കുറയ്ക്കണമെന്ന് തോന്നുമ്പോൾ ഞാൻ ചെയ്യുന്നത് പുറത്തിറങ്ങി നടക്കുക മാത്രമാണ്; ശാരീരികമായി സജീവമായിരിക്കുക എന്നതാണ് പ്രധാനം. നല്ല ഭക്ഷണം കഴിച്ച് വെറുതെയിരുന്നിട്ട്, ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നതിൽ അർത്ഥമില്ല”, അദ്ദേഹം പറഞ്ഞു.നന്നായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അർജുൻ ജങ്ക് ഫുഡും അമിതഭക്ഷണവും ഒഴിവാക്കി. അതിനൊപ്പം കാർബോഹൈഡ്രേറ്റ്‌സ് കൂടുതലുള്ള ഭക്ഷണവും പഞ്ചസാരയടങ്ങിയവും വേണ്ടെന്നുവെച്ചു. പകരം പഴങ്ങളും പച്ചക്കറികളും പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണവും ശീലമാക്കി.
Cinema ⏭️


