NEWS
‘പിഎം ശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാർ ഒപ്പിട്ടത് തടഞ്ഞുവച്ച ഫണ്ട് കിട്ടാൻ; യുഡിഎഫിന് ഇരട്ടത്താപ്പ്, സംഘപരിവാറിനു മുന്നില്‍ കീഴ്‌പെട്ടു’

തിരുവനന്തപുരം∙ പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സന്നദ്ധമായിരുന്നില്ലെന്നും ധാരണാപത്രം ഒപ്പിട്ടത് കേന്ദ്രം തടഞ്ഞുവച്ച ഫണ്ട് വിട്ടു കിട്ടാന്‍ വേണ്ടി മാത്രമാണെന്നും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്നാല്‍ മുന്‍പ് പിഎം ശ്രീയെ എതിര്‍ത്തിരുന്ന യുഡിഎഫിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഇരട്ടത്താപ്പാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പഴയ നിലപാടില്‍നിന്ന് മലക്കംമറിഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫ് യോഗം ചേര്‍ന്ന് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. അതു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ലീഗും ഒറ്റയടിക്കു മറുകണ്ടം ചാടുന്ന നിലയാണുണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു. കരാറില്‍നിന്നു പിന്മാറാന്‍ കഴിയില്ലെന്ന യുഡിഎഫ് വാദം പൊളിഞ്ഞുവെന്നും സംഘപരിവാറിനു മുന്നില്‍ സര്‍ക്കാര്‍ കീഴ്‌പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.പുനര്‍ജനി പദ്ധതിയില്‍ കോടിക്കണക്കിനു രൂപയുടെ ഫണ്ട് സുതാര്യതയില്ലാതെ പിരിച്ചെടുത്തതില്‍ പറവൂര്‍ എംഎല്‍എ ആയിരുന്ന വി.ഡി.സതീശന്‍ ഇടപെട്ടിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. മണപ്പാട് ഫൗണ്ടേഷന്റെ അക്കൗണ്ടു വഴി വന്‍തുക സമാഹരിക്കാന്‍ കൂട്ടുനിന്നത് വി.ഡി.സതീശനാണെന്ന പരാതിയാണ് ഉയര്‍ന്നത്. വിദേശവിനിമയച്ചട്ടം ലംഘിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശുപാര്‍ശ ചെയ്ത് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ഞങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നെങ്കില്‍ അന്നു തന്നെ സിബിഐ അന്വേഷണത്തിനു വിടാമായിരുന്നു. ഗുരുതരമായ ഈ കേസ് തേച്ചുമാച്ച് കളയാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ കേസ് ആഭ്യന്തരമന്ത്രി ഒഴിവാക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും പിണറായി വിജയന്‍ ചോദിച്ചു. ഈ തീരുമാനം പിന്‍വലിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Fashion ⏭️


