SPORTS
ഇന്ത്യ-വിൻഡീസ് ഒന്നാം ഏകദിനം: ടീമുകൾ 23ന് കാര്യവട്ടത്ത് എത്തും; ടിക്കറ്റ് വിൽപന തുടങ്ങി: നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം∙ കാര്യവട്ടം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഈ മാസം 27ന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ടിക്കറ്റ് ജീനി (Ticketgenie.in) എന്ന പ്ലാറ്റ്ഫോമിലൂടെ കാണികൾക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, ഫിനസ് ഗ്രൂപ്പ് എം.ഡിയും കെസിഎൽ ചാംപ്യന്മാരായ തൃശൂർ ടൈറ്റൻസ് ടീം ഉടമയുമായ സജാദ് സേഠിന് ടിക്കറ്റ് കൈമാറി ആദ്യ വിൽപന നിർവഹിച്ചു. ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീജിത്ത് വി.നായർ, സെക്രട്ടറി വിനോദ് എസ്.കുമാർ എന്നിവർ പങ്കെടുത്തു. ഔദ്യോഗിക പ്ലാറ്റ്ഫോമിലൂടെ മാത്രം ടിക്കറ്റ് വാങ്ങണമെന്ന് കെസിഎ അഭ്യർഥിച്ചു.ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വാങ്ങാം. ടിക്കറ്റ് സംബന്ധമായ സഹായത്തിനും കാണികളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനുമായി ബോക്സ് ഓഫിസും പ്രത്യേക ഹെൽപ് ഡെസ്കും സജ്ജീകരിക്കും. ഇവയുടെ സ്ഥലം, പ്രവർത്തന സമയം തുടങ്ങിയ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും കെസിഎ വ്യക്തമാക്കി. സെപ്റ്റംബർ 23ന് വെസ്റ്റിൻഡീസ് , ഇന്ത്യൻ ടീമുകൾ തിരുവനന്തപുരത്ത് എത്തും.കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണിത്. 2018 നവംബർ ഒന്നിന് നടന്ന സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ഏകദിനത്തിലും ഇന്ത്യയും വെസ്റ്റ് ഇൻഡീസുമാണ് ഏറ്റുമുട്ടിയത്. എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിൻഡീസ് ടീം വീണ്ടും തലസ്ഥാനത്ത് എത്തുന്നത്. 2023 ജനുവരിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ഇവിടെ നടന്ന രണ്ടാമത്തെ ഏകദിനം. അന്ന് വിരാട് കോലി പുറത്താകാതെ നേടിയ 166 റൺസിന്റെ മികവിൽ ഇന്ത്യ 390 റൺസ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 73 റൺസിന് പുറത്താക്കി 317 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.
Auto ⏭️


