വിവാഹ വിശേഷങ്ങൾക്ക് തിളക്കമാർന്ന ചർമ്മം: സൗന്ദര്യ സംരക്ഷണം എപ്പോൾ തുടങ്ങണം?

വിവാഹവേളകളിലെ ആഡംബരങ്ങൾക്കും വസ്ത്രധാരണത്തിനും നൽകുന്ന അമിത പ്രാധാന്യം പലപ്പോഴും ചർമപരിചരണത്തിന്റെ കാര്യത്തിൽ ലഭിക്കാറില്ല. അവസാന നിമിഷം മാത്രം ശ്രദ്ധിക്കുന്ന ശീലം കാരണം മുഖക്കുരു, കറുത്ത പാടുകൾ, നിറവ്യത്യാസം, ചർമത്തിലെ വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ വിവാഹത്തിന് തൊട്ടുമുമ്പായി തലവേദനയായി മാറാറുണ്ട്. ഇത്തരം പ്രതിസന്ധികൾക്ക് പെട്ടെന്നൊരു പരിഹാരം സാധ്യമല്ലാത്തതിനാൽ, ചർമത്തിന്റെ ആരോഗ്യത്തിനായി വിവാഹത്തിന് മാസങ്ങൾക്ക് മുമ്പേ തന്നെ കരുതൽ തുടങ്ങേണ്ടത് അത്യാവശ്യമാണ്. ചർമത്തിന്റെ പ്രകൃതം മനസ്സിലാക്കി കൃത്യമായ ചികിത്സകൾ ആസൂത്രണം ചെയ്യാൻ ഈ സമയം നമ്മെ സഹായിക്കുന്നു.
മൂന്ന് മുതൽ ആറു മാസം മുമ്പ്: ചർമത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയാം
മുഖക്കുരു, കറുത്ത പാടുകൾ, ചർമത്തിലെ നിറവ്യത്യാസം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ വിവാഹത്തിന് മൂന്ന് മുതൽ ആറു മാസം മുമ്പുതന്നെ വിദഗ്ധ ഉപദേശം തേടണം. ഇത്തരം പ്രശ്നങ്ങൾ ഒറ്റയടിക്ക് മാറ്റിയെടുക്കാൻ കഴിയില്ല എന്നതിനാൽ, ഒരു ഡെർമറ്റോളജിസ്റ്റുമായി ആലോചിച്ച് ആവശ്യമായ ചികിത്സകൾ മുൻകൂട്ടി പ്ലാൻ ചെയ്യുക. ലേസർ ഹെയർ റിഡക്ഷൻ പോലുള്ള പ്രക്രിയകൾക്ക് തുടർച്ചയായ അപ്പോയിന്റ്മെന്റുകൾ വേണ്ടിവരുമെന്നതിനാൽ, സമയപരിധി കണക്കിലെടുത്ത് നേരത്തേ തുടരുന്നത് നന്നായിരിക്കും.
ആറ് മുതൽ എട്ട് ആഴ്ച മുമ്പ്: ചികിത്സകൾ ക്രമീകരിക്കാം
ഈ കാലയളവിൽ മുഖത്തെ പ്രധാന പ്രശ്നങ്ങൾക്കുള്ള പരിഹാരം തേടാം. കെമിക്കൽ പീൽ, മൈക്രോനീഡ്ലിങ്, ലേസർ ട്രീറ്റ്മെന്റുകൾ എന്നിവയ്ക്ക് ശേഷം ചർമത്തിൽ ചുവപ്പ്, തൊലി അടർന്നുവരിക തുടങ്ങിയ ചെറിയ ലക്ഷണങ്ങൾ കണ്ടേക്കാം. ഇവ മാറി പഴയപടിയാകാൻ സമയമെടുക്കും എന്നതിനാൽ, വിവാഹത്തിന് തൊട്ടടുത്ത ദിവസങ്ങളിലേക്ക് ഇത്തരം പ്രക്രിയകൾ മാറ്റിവെക്കരുത്. പതിവായുള്ള ക്ലെൻസിങ്, മോയ്സ്ചറൈസിങ്, സൺസ്ക്രീൻ ഉപയോഗം എന്നിവ ഈ സമയത്തും തുടരണം.
ഒരു മാസം മുമ്പ്: ചെറിയ കാര്യങ്ങൾക്കും ശ്രദ്ധ നൽകാം
ഏറ്റവും പ്രധാനപ്പെട്ട ചികിത്സകൾ ഈ സമയം അവസാനിച്ചിരിക്കണം. ഇനി ശ്രദ്ധിക്കേണ്ടത് ത്രെഡിങ്, ഷേവിങ്, ഫേഷ്യൽ പോലുള്ള പതിവ് കാര്യങ്ങളാണ്. കല്യാണത്തിന് മൂന്നോ നാലോ ദിവസം മാത്രം ബാക്കി നിൽക്കെ പുതിയ സൗന്ദര്യ ചികിത്സകൾ പരീക്ഷിക്കുന്നത് അനാവശ്യമായ ചർമപ്രശ്നങ്ങൾക്ക് കാരണമായേക്കാം. വരന്മാരും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. ഷേവിങ് മൂലം ഉണ്ടാകുന്ന കുരുക്കളും രോമങ്ങൾ ഉള്ളിലേക്ക് വളരുന്ന അവസ്ഥയും ഒഴിവാക്കാൻ നേരത്തേ തന്നെ മുൻകരുതലുകൾ എടുക്കുക.
അവസാന ആഴ്ച: പതിവ് പരിചരണം തുടരാം
വിവാഹത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പുതിയ പരീക്ഷണങ്ങൾക്ക് മുതിരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പുതിയ സ്ക്രബുകളോ ഫേഷ്യലുകളോ ഒഴിവാക്കുന്നതാണ് നല്ലത്. വാക്സിങ്, ത്രെഡിങ് പോലുള്ളവ ചടങ്ങുകൾക്ക് തൊട്ടുമുമ്പത്തെ ദിവസം ചെയ്യുന്നതും ഒഴിവാക്കണം, കാരണം ചർമത്തിലുണ്ടാകുന്ന ചെറിയ തടിപ്പുകൾ മാറാൻ സമയം വേണ്ടിവരും. രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണമായും നീക്കം ചെയ്യുന്നതും മോയ്സ്ചറൈസർ ഉപയോഗിക്കുന്നതും മുടക്കരുത്.
ശൈത്യകാലത്ത് ചർമം വരളാതെ നോക്കാം
വിവാഹ സീസണിലെ അമിതമായ യാത്രകളും ഫോട്ടോഷൂട്ടുകളും ശൈത്യകാലത്തെ വരൾച്ചയും ചർമത്തിന് വലിയ സമ്മർദ്ദം നൽകും. എത്ര ക്ഷീണിച്ചാലും മേക്കപ്പ് കഴുകിക്കളയാതെ ഉറങ്ങരുത്. പുറത്തിറങ്ങുമ്പോൾ വെയിലിൽ നിന്ന് സംരക്ഷണം നൽകാൻ SPF 30-ന് മുകളിലുള്ള ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിക്കുക. കൂടുതൽ സമയം വെയിലത്ത് ചെലവഴിക്കേണ്ടി വന്നാൽ ഇടവേളകളിൽ സൺസ്ക്രീൻ വീണ്ടും പുരട്ടാൻ ശ്രദ്ധിക്കണം.




