കൊച്ചി ലഹരിവേട്ട: മുഖ്യപ്രതി പിടിയിൽ, ഇടപാടുകാർക്കായി വ്യാപക പരിശോധന

കൊച്ചി ∙ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ നടന്ന പ്രത്യേക പരിശോധനയിൽ വൈറ്റിലയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 35 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശിയും നിലവിൽ തൃപ്പൂണിത്തുറ എരൂരിൽ താമസക്കാരനുമായ സിറാജിനെ (46) കൊച്ചി സിറ്റി ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തു.
നഗരത്തിലെ പ്രധാനപ്പെട്ട ലഹരിമരുന്ന് വിതരണക്കാരിൽ ഒരാളാണ് പിടിയിലായ സിറാജ്. നേരത്തെയും ഇയാൾ ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്; തിരുവനന്തപുരം പാറശ്ശാല, എറണാകുളം മരട് എന്നീ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കുറ്റകൃത്യങ്ങൾക്ക് ഇയാൾക്കെതിരെ കേസുകളുണ്ട്. ഈ ലഹരിമരുന്ന് എവിടെ നിന്നാണ് ഇയാൾക്ക് ലഭിച്ചതെന്നും, ആർക്ക് കൈമാറാനാണ് ഇത് എത്തിച്ചതെന്നും സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. ഡിസിപിമാരായ മോഹിത് റാവത്ത്, അരുൺ പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ, കൊച്ചി സിറ്റി നർകോട്ടിക് സെൽ എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.




