മത്സ്യങ്ങളിലെ വിഷാംശം: കേരളത്തിലെ കായൽ, കടൽ മത്സ്യങ്ങൾ സുരക്ഷിതമോ?

പ്രതീകാത്മക ചിത്രം
കോട്ടയം: നമ്മുടെ കായലുകളിലെയും കടലിലെയും മത്സ്യങ്ങളിൽ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ആശങ്കാജനകമാംവിധം വർധിച്ചുവരികയാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) മറൈൻ ബയോളജി വിഭാഗത്തിന്റെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. വർഷം തോറും മത്സ്യങ്ങളിൽ പ്ലാസ്റ്റിക് അംശങ്ങളുടെ തോത് പത്തു മുതൽ ഇരുപത് ശതമാനം വരെ വർധിക്കുന്നതായാണ് ഈ ഗവേഷണം ചൂണ്ടിക്കാട്ടുന്നത്.
ഈ അവസ്ഥ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനെ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെയും വലിയ തോതിൽ ബാധിച്ചേക്കാം. കുസാറ്റ് ലാബിൽ നടത്തിയ പരീക്ഷണങ്ങളിൽ മൈക്രോ പ്ലാസ്റ്റിക്കുമായി സമ്പർക്കത്തിൽ വളർന്ന കരിമീൻ കുഞ്ഞുങ്ങളിൽ വലിയ വളർച്ചാ മുരടിപ്പ് ദൃശ്യമായി. അവയുടെ രക്തകോശങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും, മസ്തിഷ്കത്തിന്റെയും ചെകിളകളുടെയും പ്രവർത്തനത്തിന് സഹായിക്കുന്ന നിർണ്ണായക എൻസൈമുകളുടെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മൈക്രോ പ്ലാസ്റ്റിക് മലിനീകരണം മൂലം ഞണ്ട്, ചെമ്മീൻ, കക്കയിറച്ചി, കല്ലുമ്മക്കായ തുടങ്ങിയവയും സൂക്ഷ്മ സസ്യങ്ങളും വംശനാശഭീഷണി നേരിടുന്നു. കൂടാതെ, കടൽ പക്ഷികൾ, നീർനായ്ക്കൾ എന്നിവയുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായതായി പഠനം വെളിപ്പെടുത്തുന്നു.
ആരോഗ്യ പ്രത്യാഘാതങ്ങൾ
മത്സ്യങ്ങളിലൂടെ പ്ലാസ്റ്റിക് നിരന്തരമായി ശരീരത്തിലെത്തുന്നത് ക്യാൻസർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അമിതവണ്ണം, ഗർഭകാല സങ്കീർണ്ണതകൾ എന്നിവയ്ക്കും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നതിനും കാരണമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ബിസ്പിനോൾ, താലേറ്റുകൾ, ഹെവി മെറ്റലുകൾ എന്നിവ അതീവ അപകടകരമാണ്. എന്നിരുന്നാലും, മത്സ്യം ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ ശാസ്ത്രീയമാക്കി പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
മൈക്രോ പ്ലാസ്റ്റിക്കുമായി നമുക്ക് നേരിട്ട് ബന്ധമില്ലെങ്കിലും ഭക്ഷണത്തിലൂടെ അവ ശരീരത്തിനുള്ളിൽ കടക്കുന്നത് തടയേണ്ടത് അത്യാവശ്യമാണ്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശേഷി മൈക്രോ പ്ലാസ്റ്റിക്കുകൾക്ക് കൈവരിക്കാൻ കഴിയുമെന്നത് പുതിയ തരം രോഗങ്ങൾക്ക് വഴിയൊരുക്കും. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം, കനം കുറഞ്ഞ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിക്കാൻ അധികൃതർ തയ്യാറാകണം.
ഡോ.ബിജോയ് നന്ദൻ (കുസാറ്റ് മറൈൻ ബയോളജി ഡീൻ)




