FASHION

അഞ്ച് മാസത്തെ അധ്വാനം: നിതാ അംബാനിയുടെ പ്രത്യേക പട്ടുസാരിയുടെ സവിശേഷതകൾ

മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വെച്ച് അടുത്തിടെ സംഘടിപ്പിച്ച റിലയൻസ് ദീപാവലി ഉത്സവ് ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. പ്രമുഖ വ്യക്തികൾ ഉൾപ്പെടെ നിരവധി പേർ സംഗമിച്ച ചടങ്ങിൽ നിതാ അംബാനിയുടെ വേഷവിധാനമാണ് ഏവരുടെയും കണ്ണുകളെ ആകർഷിച്ചത്. ‘സ്വദേശ്’ എന്ന ബ്രാൻഡിൽ നിന്നും തിരഞ്ഞെടുത്ത സിന്ദൂരച്ചുവപ്പ് നിറത്തിലുള്ള മനോഹരമായ ‘രാമാവലി’ സാരിയിലായിരുന്നു നിത എത്തിയത്. രാമൻ, നാമവലി എന്നീ വാക്കുകൾ ചേർന്നാണ് ഈ പ്രത്യേക സാരിക്ക് രാമാവലി എന്ന പേര് ലഭിച്ചത്; ഇതിനർത്ഥം ദൈവനാമങ്ങളുടെ മാലയെന്നാണ്.

പ്രശസ്ത ഡിസൈനറായ അജയ് ഭോജ് ആണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഇതൊരു സാധാരണ ബനാറസി സാരിയായി തോന്നിയേക്കാമെങ്കിലും, ഇതിലെ സൂക്ഷ്മമായ നെയ്ത്തുവിദ്യയും വിശദാംശങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. സാരിയുടെ കരകളിൽ സ്വർണ്ണനിറത്തിലുള്ള ബ്രൊക്കേഡ് ഡിസൈനുകൾ നൽകിയിരിക്കുന്നു. അഞ്ച് മാസത്തോളം നീണ്ട കഠിനാധ്വാനത്തിലൂടെ ശുദ്ധമായ പട്ടുനൂലിലാണ് ഈ സാരി നെയ്തെടുത്തിരിക്കുന്നത്. സാരിയുടെ പലയിടങ്ങളിലായി ‘ശ്രീറാം’ എന്ന് അക്ഷരങ്ങൾ കോർത്തിണക്കിയിട്ടുണ്ട്.

ഈ സാരിയുടെ പല്ലു ഭാഗത്ത് വിഷ്ണുഭഗവാന്റെ പാദമുദ്രകളും താമരപ്പൂക്കളും വളരെ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. ‘കാഡ്വ’ എന്ന സങ്കീർണ്ണമായ ബനാറസി നെയ്ത്തുശൈലിയാണ് ഇതിന്റെ നിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്. സാരിക്കു ചേരുന്ന രീതിയിലുള്ള കടുംചുവപ്പ് നിറത്തിലുള്ള ബ്ലൗസാണ് നിത അണിഞ്ഞത്. ബ്ലൗസിന്റെ കഴുത്തിലും കൈകളിലും നൽകിയിരിക്കുന്ന ഗോൾഡ് ഡീറ്റെയിലിങ് ഇതിന് കൂടുതൽ ആകർഷണീയത നൽകുന്നു. ഒപ്പം, ആന്റിക്-ഗോൾഡ് ശൈലിയിലുള്ള ലെയേർഡ് സ്റ്റേറ്റ്‌മെന്റ് നെക്ലേസ് കൂടി അണിഞ്ഞപ്പോൾ നിതയുടെ വേഷവിധാനം പൂർണ്ണമായി.

Life Style ⏭️

Back to top button