NEWS

മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുൻ കായികമന്ത്രി അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് നാളെ തീരുമാനം

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനം നൽകി നടത്തിയ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ, മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് വഴിതെളിയുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സർക്കാരിന് അനുമതി നൽകുന്ന കാര്യത്തിൽ ഗവർണർ ഓം പ്രകാശ് മാഥൂർ നാളെ അന്തിമ തീരുമാനമെടുക്കും. സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ ഇന്ന് രാത്രി രാജ്ഭവനിൽ മടങ്ങിയെത്തും; തുടർന്ന് നാളെ ഫയൽ അദ്ദേഹത്തിന്റെ പരിഗണനയ്ക്ക് എത്തും. ഗവർണറുടെ ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് വിജിലൻസ് സംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണ നടപടികളിലേക്ക് കടക്കും.

മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ സ്ഥാനത്ത് ഇരുന്നപ്പോഴാണ് സർക്കാർ ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി അനുമതി തേടിയത്. എന്നാൽ, ഗവർണർ മാറിയ സാഹചര്യത്തിൽ ഫയലിൽ തീരുമാനമെടുക്കാൻ കാലതാമസം നേരിടുകയായിരുന്നു. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഒക്ടോബർ 16-ന് മുഖ്യമന്ത്രി കൈമാറിയ കത്താണ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലുള്ളത്.

സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് എഡിജിപി പി. വിജയൻ മുൻകൈയെടുത്ത് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിരുന്നു, പിന്നീട് ഇത് സർക്കാരിന് സമർപ്പിച്ചു. ഈ റിപ്പോർട്ടിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ അഴിമതി നിരോധന നിയമം ചുമത്തി കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ശക്തമായി ശുപാർശ ചെയ്തിരിക്കുന്നത്.

Fashion ⏭️

Back to top button