SPORTS

ആര്യവീറിന്റെ ബാറ്റിങ് മികവിൽ യുഎഇയെ തകർത്ത് ഇന്ത്യ സെമിയിൽ; എതിരാളികൾ അഫ്ഗാനിസ്ഥാൻ

അൽ അമിറാത്ത് (ഒമാൻ)∙ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യുഎഇയ്ക്കെതിരെ തകർപ്പൻ ജയത്തോടെ ഇന്ത്യ സെമിഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. യുഎഇ ഉയർത്തിയ വെല്ലുവിളികളെ മറികടന്ന് 70 റൺസിനാണ് ഇന്ത്യൻ കൗമാരപ്പട വിജയം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 310 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യുഎഇയ്ക്ക് നിശ്ചിത 50 ഓവറിൽ 239 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. അഹമ്മദ് ഖുദാദാദ് (74 പന്തിൽ 74), നൂറുല്ല അയോബി (25 പന്തിൽ 39), യായിൻ റായ് (44 പന്തിൽ 29), അയാൻ മിസ്ബ (53 പന്തിൽ 27) എന്നിവർ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളിങ് കരുത്തിനു മുന്നിൽ അത് മതിയാകുമായിരുന്നില്ല. ഇന്ത്യയ്ക്കായി പന്തെറിഞ്ഞ ഏഴ് ബോളർമാരും വിക്കറ്റ് വേട്ടയിൽ പങ്കാളികളായി. നാല് വിക്കറ്റുകൾ പിഴുത ഇഷാൻ സൂദാണ് യുഎഇയുടെ നടുവൊടിച്ചത്. 12-ാം തീയതി നടക്കുന്ന സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ആര്യവീർ സേവാഗിന്റെ സെഞ്ചുറി കരുത്തിൽ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് അടിച്ചുകൂട്ടി. അൻവയ് ദ്രാവിഡ് 12 റൺസ് എടുത്ത് മടങ്ങിയപ്പോൾ യുഎഇയ്ക്കായി നസീം ഖാൻ നാല് വിക്കറ്റുകൾ വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യയ്ക്ക് ആര്യവീറും നായകൻ ലക്ഷ്യ റായ്ചന്ദാനിയും ചേർന്ന് സാവധാനത്തിലുള്ള തുടക്കമാണ് നൽകിയത്. ആദ്യ പത്തോവറിൽ വെറും 42 റൺസ് മാത്രമാണ് സ്കോർബോർഡിൽ എത്തിയത്. 14-ാം ഓവറിൽ 17 റൺസെടുത്ത ക്യാപ്റ്റൻ ലക്ഷ്യയെ പുറത്താക്കി യുഎഇ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു.

എങ്കിലും 34-ാം ഓവറിൽ 131 പന്തിൽ 13 ഫോറുകളും രണ്ട് സിക്സറുകളും അടക്കം ആര്യവീർ സെഞ്ചറി തികച്ചു. നൂറിലെത്തിയ ശേഷം കൂടുതൽ ആക്രമണോത്സുകമായ ശൈലി സ്വീകരിച്ച ആര്യവീർ, തൊട്ടടുത്ത 37 പന്തുകളിൽ 60 റൺസ് വാരിക്കൂട്ടി. സെഞ്ചുറിക്ക് ശേഷമുള്ള ആര്യവീറിന്റെ ബാറ്റിങ് വെടിക്കെട്ടിൽ അഞ്ച് സിക്സറുകളും നാല് ഫോറുകളും ഉൾപ്പെടുന്നു. സിക്സർ പറത്തിയാണ് താരം 150 റൺസ് എന്ന വ്യക്തിഗത നാഴികക്കല്ല് പിന്നിട്ടത്. തൊട്ടുപിന്നാലെ വിനീതും അർധസെഞ്ചറി പൂർത്തിയാക്കി.

Auto ⏭️

Back to top button