വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസ്: പ്രതികൾ പിടിയിൽ

കൊല്ലം∙ വിദേശത്ത് ജോലി വാഗ്ദാനം നൽകി ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കവർന്ന കേസിലെ പ്രധാന പ്രതികളെ പൊലീസ് വലയിലാക്കി. ഇസ്രായേലിലേക്ക് തൊഴിൽ വീസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് വൻ തുക തട്ടിയെടുത്ത കേസിൽ, എസ്ര ട്രാവൽ ഏജൻസി ഉടമ മേരി ലോപ്പസ്, സിഇഒ അരുൺ എന്നിവരെയാണ് ചണ്ഡിഗഡിൽ നിന്നും അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്.
തങ്ങളുടെ സ്ഥാപനത്തിലൂടെ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഓരോ ഉദ്യോഗാർഥിയിൽ നിന്നും ഏഴ് ലക്ഷം രൂപ വരെ ഇവർ ഈടാക്കിയെന്നാണ് ലഭിച്ച പരാതി. കുരീപ്പുഴ ബൈപാസിൽ പ്രവർത്തിക്കുന്ന ഇവരുടെ സ്ഥാപനം വഴി മാത്രം ഏകദേശം നാലര കോടിയോളം രൂപ തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവർക്ക് മറ്റ് ശാഖകളും പ്രവർത്തിക്കുന്നുണ്ട്.
പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ മാസം 26-ന് പൊലീസ് ഇവരുടെ ഓഫിസിൽ പരിശോധന നടത്തിയെങ്കിലും പ്രതികൾ അന്ന് ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ ചണ്ഡിഗഡിലും ഹിമാചൽ പ്രദേശിലുമായി ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി.എ.സാൻഡെ, സീനിയർ സിവിൽ പൊലീസ് ഓഫിസർ റോസി സേവിയർ, സിവിൽ പൊലീസ് ഓഫിസർമാരായ വിഘ്നേഷ്, സുനിലാൽ എന്നിവരടങ്ങുന്ന അന്വേഷണ സംഘം ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.




