NEWS

കാലടിയിലെ സസ്പെൻഷൻ: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി ∙ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. രണ്ടു മാസത്തോളമായി സസ്പെൻഷനിൽ തുടരുന്ന വിദ്യാർഥികളുടെ കാര്യത്തിൽ ഇനിയും എന്തിനാണ് വാശി പിടിക്കുന്നതെന്ന് കോടതി ചോദിച്ചു. പുറത്തുനിർത്തി രണ്ട് മാസം പിന്നിട്ടിട്ടും ഇനിയും മാപ്പപേക്ഷയുടെ പേരിൽ കർക്കശ നിലപാട് തുടരുന്നതിലെ യുക്തിയെ കോടതി ചോദ്യം ചെയ്തു.

വിദ്യാർഥികൾ നടത്തിയ പ്രവൃത്തികളെ പൂർണമായി ന്യായീകരിക്കുന്നില്ലെങ്കിലും, അവർ കുട്ടികളാണെന്ന കാര്യം അധികൃതർ വിസ്മരിക്കരുതെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഓർമിപ്പിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ സമരങ്ങളിൽ പങ്കെടുക്കാത്ത എത്ര രാഷ്ട്രീയ നേതാക്കൾ ഇവിടെയുണ്ട് എന്ന് ചോദിച്ച കോടതി, ഒരേ സംഭവത്തിൽ എങ്ങനെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തുവെന്നും ആരാഞ്ഞു. സർവകലാശാലാ അധികൃതർ തന്നെ ഈ വിഷയത്തിൽ ഉചിതമായ പരിഹാരം കണ്ടെത്താൻ മുൻകൈ എടുക്കണമെന്നും, അല്ലാത്തപക്ഷം കോടതി വിശദമായി വാദം കേട്ട് വിധി പറയേണ്ടി വരുമെന്നും ജസ്റ്റിസ് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി.

മാതാപിതാക്കൾക്കൊപ്പം നേരിട്ടെത്തി മാപ്പപേക്ഷ നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന സിൻഡിക്കേറ്റിന്റെ ഉപാധി വിദ്യാർഥികൾ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച് ക്യാംപസിനു മുന്നിൽ വിദ്യാർഥികൾ നിരാഹാര സമരം തുടരുകയാണ്. മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്ന നിർദേശം ചർച്ചയ്ക്കിടെ ഉയർന്നപ്പോഴാണ്, മാസങ്ങളോളം സസ്പെൻഷൻ നൽകി പുറത്തു നിർത്തിയ ശേഷം ഇനി എന്ത് മാപ്പിന്റെ കാര്യമാണ് പറയുന്നതെന്ന ചോദ്യം കോടതിയിൽ നിന്നുണ്ടായത്.

Fashion ⏭️

Back to top button