ബ്രിട്ടനിൽ ഒരുമിച്ച് വേദി പങ്കിട്ടു, റേസിംഗ് ട്രാക്കിൽ ‘തല’യെ ചേർത്തുപിടിച്ച് ദളപതി

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്, സൂപ്പർ താരം അജിത്കുമാർ
ബ്രിട്ടനിൽ നടക്കുന്ന മാൻസ് കപ്പ് അന്തർദേശീയ റേസിംഗ് മത്സരത്തിൽ പരസ്പരം കണ്ടുമുട്ടി തല അജിത്തും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യും. പരിപാടിയിൽ വിജയ് അതിഥിയായി എത്തുമെന്ന വാർത്തകൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന പ്രശസ്തമായ മാൻസ് കപ്പ് മത്സരവേദിയിലേക്കാണ് തമിഴ്നാട് മുഖ്യമന്ത്രി അതിഥിയായെത്തിയത്. വിജയ് ഓടിയെത്തി അജിത്തിനെ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
‘അജിത് റെഡ്ആന്റ് ബൈ വിരാജ്’ ടീമിനുവേണ്ടി എൽഎംപി3 പ്രോ- ആം വിഭാഗത്തിലാണ് മത്സരത്തിൽ അദ്ദേഹം ട്രാക്കിലിറങ്ങുന്നത്. രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന പോരാട്ടത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വിജയ് ആണ് നിർവഹിക്കുക. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അജിത് നേരിട്ട് ഫോണിൽ വിളിച്ച് വിജയ്യെ അഭിനന്ദിച്ചിരുന്നു. സിനിമയിലെ വമ്പൻമാരായ ഇരുവരുടെയും സൗഹൃദ സംഗമം ആരാധകരും ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
രാഷ്ട്രീയത്തിനപ്പുറം തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ബ്രിട്ടൻ സന്ദർശനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതുതായി പ്രഖ്യാപിച്ച ‘മോട്ടോർ സ്പോർട്സ് സിറ്റി’ പദ്ധതിക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്നതിനായി സിൽവർസ്റ്റോണിലെ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും ട്രാക്ക് രൂപകൽപ്പനയും കായിക ടൂറിസം സാധ്യതകളും വിജയ്യും കായിക മന്ത്രി ആദവ് അർജുനയും നേരിട്ട് വിലയിരുത്തും.
English Summary
Tamil Nadu Chief Minister C. Joseph Vijay and actor Ajith Kumar met at the Mans Cup international racing competition in Britain’s Silverstone Circuit. Vijay, attending as a guest, flagged off the two-hour race where Ajith competed in the LMP3 Pro-Am category. The Chief Minister’s visit also aims to attract investments and evaluate motorsport infrastructure for Tamil Nadu’s proposed ‘Motor Sports City’.
Business ⏭️


