LIFESTYLE

ബെനലി അഡ്വഞ്ചർ ടൂറിംഗ് മോട്ടോർ സൈക്കിളുകൾ വിപണിയിൽ: ആകർഷകമായ വില പ്രഖ്യാപിച്ചു

കൊച്ചി: അഡ്വഞ്ചർ ടൂറിംഗ് പ്രേമികൾക്കായി ബെനലി ഇന്ത്യ തങ്ങളുടെ പുതിയ കരുത്തൻ ബൈക്കുകളായ ടി.ആർ.കെ 552, ടി.ആർ.കെ 552എക്സ് എന്നിവ വിപണിയിലെത്തിച്ചു. 554 സി.സി ലിക്വിഡ്-കൂൾഡ് പാരലൽ ട്വിൻ എൻജിനാണ് ഈ രണ്ട് മോഡലുകളുടെയും ഹൃദയം. ഇത് 8,500 ആർ.പി.എമ്മിൽ 52 ബി.എച്ച്.പി. കരുത്തും 6,500 ആർ.പി.എമ്മിൽ 49 എൻ.എം. ടോർക്കും ഉൽപ്പാദിപ്പിക്കാൻ പ്രാപ്തമാണ്. ആറ് സ്പീഡ് ഗിയർബോക്സിനൊപ്പം സ്ലിപ്പർ ക്ലച്ച് കൂടി ചേരുന്നതോടെ മികച്ച റൈഡിംഗ് അനുഭവവും സുഗമമായ ഗിയർ മാറ്റവും ഉറപ്പാക്കുന്നു. അഞ്ച് ഇഞ്ച് വലുപ്പമുള്ള ടി.എഫ്.ടി ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ സൗകര്യം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ടി-ബോക്സ് സാങ്കേതികവിദ്യ എന്നിവ വാഹനത്തെ ആധുനികമാക്കുന്നു. ദീർഘദൂര യാത്രകളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിനായി ഹീറ്റഡ് ഹാൻഡിൽ ഗ്രിപ്പുകൾ, അഡ്ജസ്റ്റബിൾ ഹാൻഡിൽബാർ, കൂടുതൽ പാഡിംഗുള്ള സീറ്റുകൾ, ഒപ്പം 20 ലിറ്റർ ശേഷിയുള്ള വലിയ ഇന്ധന ടാങ്ക് എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

അധിക സവിശേഷതകൾ

ട്യൂബുലാർ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിൽ നിർമിച്ച ഈ ബൈക്കുകളിൽ മികച്ച ബാലൻസിനായി അലുമിനിയം സ്വിംഗ് ആം നൽകിയിട്ടുണ്ട്. മുന്നിൽ 50 മില്ലിമീറ്റർ മാർസോക്കി യു.എസ്.ഡി ഫോർക്കുകളും പിന്നിൽ മോണോ ഷോക്ക് അബ്‌സോർബറുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. സുരക്ഷയ്ക്കായി ഡ്യുവൽ ചാനൽ എ.ബി.എസും ലഭ്യമാണ്.

ടി.ആർ.കെ 552 പ്രധാനമായും റോഡ് യാത്രകൾക്കും ലോങ് റൈഡുകൾക്കും അനുയോജ്യമാംവിധം 17 ഇഞ്ച് അലോയ് വീലുകളിലാണ് വരുന്നത്. ഇതിന് 190 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 835 മില്ലിമീറ്റർ സീറ്റ് ഹൈറ്റുമുണ്ട്. അതേസമയം, ഓഫ്-റോഡ് സഞ്ചാരങ്ങൾക്കായി രൂപകൽപ്പന ചെയ്ത ടി.ആർ.കെ 552എക്സ് മോഡലിൽ 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ സ്പോക്ക് വീലുകളും അഡ്വഞ്ചർ ടയറുകളുമുണ്ട്. ഇതിന് 210 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 860 മില്ലിമീറ്റർ സീറ്റ് ഹൈറ്റുമുണ്ട്.

വില

ടി.ആർ.കെ 552

7,22,000 രൂപ

ടി.ആർ.കെ. 552എക്സ്

7,74,000 രൂപ

ടി.ആർ.കെ 552എക്സ് ലിമിറ്റഡ് എഡിഷൻ

7,90,000 രൂപ

നഗരങ്ങളിലെ റോഡുകളിലും കടുപ്പമേറിയ ഓഫ്-റോഡ് പാതകളിലും ഒരേപോലെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബെനലിയുടെ ഈ പുതിയ മോഡലുകൾക്ക് സാധിക്കുമെന്ന് ബെനലി ഇന്ത്യ മാനേജിംഗ് ഡയറക്ടർ വികാസ് ജാബഖ് വ്യക്തമാക്കി.

Sports ⏭️

Back to top button