NEWS

നെയ്ക്കുപ്പ: ക്രാഷ് ഗാർഡ് വേലിയും തൂക്കുവേലിയും കാട്ടാന തൂക്കി


നടവയൽ ∙ പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പയിൽ ക്രാഷ് ഗാർഡ് വേലി കാട്ടാന നശിപ്പിച്ചു. കഴിഞ്ഞദിവസം പാതിരി സൗത്ത് സെക്‌ഷൻ വനത്തിലെ മണൽവയൽ വനമേഖലയിൽ നിന്ന് ക്രാഷ് ഗാർഡ് വേലിയുടെ തൂൺ ചവിട്ടിവളച്ച് ഇറങ്ങിയ കാട്ടാന ജനവാസ മേഖലയിലെത്തി ഒട്ടേറെ കർഷകരുടെ കൃഷികൾ നശിപ്പിച്ചു. ഈ ഭാഗത്ത് ക്രാഷ് ഗാർഡ് വേലിയുടെ പണികൾ പൂർത്തീകരിച്ചതിനു പുറമേ തൂക്കുവേലി സ്ഥാപിച്ചെങ്കിലും ഇതു രണ്ടും മറികടന്നാണു കാട്ടാന കൃഷിയിടത്തിൽ ഇറങ്ങിയത്. കോടികൾ മുടക്കി നിർമിച്ച ക്രാഷ് ഗാർഡ് വേലി ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ ഉപയോഗിച്ചു നിർമിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപണമുണ്ട്. നിർമാണത്തിലെ പാകപ്പിഴ മൂലം, കാട്ടാന ചവിട്ടുമ്പോൾ തന്നെ വേലിയുടെ തൂണുകൾ വളയുകയും ഒടിയുകയും ചെയ്യുന്നു. നിലവാരം കുറഞ്ഞ തൂണുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ കാട്ടാനകൾ കൂടുതലായി കൃഷിയിടത്തിൽ ഇറങ്ങി നാശനഷ്ടം തീർക്കാൻ ഇടയാക്കുമെന്നു നാട്ടുകാർ പറയുന്നു.വേലി നിർമാണം പൂർത്തിയാക്കിയ ശേഷം കാട്ടാനശല്യം കുറഞ്ഞിരുന്നു. പിന്നീടു വേണ്ടത്ര ശ്രദ്ധ കൊടുക്കാതായതോടെ നേരം വെളുത്തതിനു ശേഷമാണു രാത്രി കാട്ടാന കൃഷിയിടത്തിലെത്തിയ വിവരം കർഷകർ അറിയുന്നത്.


Fashion ⏭️

Back to top button