BUSINESS
ഇറാൻ പറഞ്ഞു ‘പറ്റിച്ചു’; അഫ്ഗാനിസ്ഥാന് കനത്ത തിരിച്ചടി, ചബഹാർ സ്വപ്നം പിറക്കുംമുൻപേ പൊളിഞ്ഞു, ആ ഭൂമി കിട്ടില്ല

പാക്കിസ്ഥാനുമായുള്ള സംഘർഷത്തെ തുടർന്ന് കയറ്റുമതിയിൽ തിരിച്ചടി നേരിട്ട അഫ്ഗാനിസ്ഥാനെ ‘പാഴ്വാഗ്ദാനം’ നൽകി കൂടുതൽ വെട്ടിലാക്കി ഇറാൻ. ഇന്ത്യയുടെ നിക്ഷേപ, നിയന്ത്രണ പങ്കാളിത്തമുള്ള ചബഹാർ തുറമുഖത്തിന് സമീപം അഫ്ഗാനിസ്ഥാന് 110 ഹെക്ടർ ഭൂമി കൊടുക്കുമെന്ന് ഇറാൻ പാർലമെന്റിന്റെ വ്യാപാര സ്പെഷൽ കമ്മിഷൻ മേധാവി മൊഹ്സിൻ സാൻഗനെ പറഞ്ഞിരുന്നു. നിക്ഷേപ, വാണിജ്യ ഇടപാടുകൾക്കായി ഈ ഭൂമി അഫ്ഗാനിസ്ഥാന് ഉപയോഗിക്കാമെന്നും മൊഹ്സിൻ പറഞ്ഞിരുന്നു. ഇതിൽ 10 ഹെക്ടർ ചബഹാർ തുറമുഖത്തും 100 ഹെക്ടർ സമീപത്തെ ചബഹാർ പ്രത്യേക സാമ്പത്തിക മേഖലയിലും നൽകുമെന്നായിരുന്നു വാഗ്ദാനം. പാക്കിസ്ഥാനിലെ കറാച്ചി, ഗ്വാദർ തുറമുഖങ്ങളെയാണ് അഫ്ഗാൻ വ്യാപാരികൾ നേരത്തേ കയറ്റിറക്കുമതിക്കായി ആശ്രയിച്ചിരുന്നത്. സംഘർഷത്തെ തുടർന്ന് അതിർത്തികൾ ഇരു രാജ്യങ്ങളും അടച്ചതോടെ ഇപ്പോൾ കയറ്റിറക്കുമതി സ്തംഭിച്ചു. പൂർണമായും കരബന്ധിതമായ അഫ്ഗാൻ ഇതോടെയാണ് അയൽ രാജ്യമായ ഇറാനിലേക്ക് തിരിഞ്ഞത്. ഇറാനിലെ ചബഹാർ, ബന്ദർ അബ്ബാസ് തുറമുഖങ്ങളെ ആശ്രയിക്കാനായിരുന്നു നീക്കം. അഫ്ഗാനും ഇറാനും തമ്മിലെ വ്യാപാരബന്ധം ശക്തമാക്കാനായി 1000 കോടി ഡോളർ ചെലവിട്ട് സംയുക്ത സംരംഭമായി വ്യവസായ പാർക്ക് സ്ഥാപിക്കുമെന്നും ഇറാൻ എംപി കൂടിയായ മൊഹ്സിൻ സാൻഗനെ പറഞ്ഞിരുന്നു. എന്നാൽ, മൊഹ്സിൻ സാൻഗനെയെ തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായ് രംഗത്തുവന്നു. മൊഹ്സിൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഒരു രാജ്യത്തിന്റെ ഭൂമി എങ്ങനെയാണ് മറ്റൊരു രാജ്യത്തിന് കൊടുക്കുന്നതെന്നും ഇസ്മായിൽ ബഖായ് ചോദിച്ചു. അഫ്ഗാനിസ്ഥാന് ഭൂമി കൊടുക്കുമെന്ന റിപ്പോർട്ടുകളും ബഖായ് തള്ളി. ഭൂമി കൊടുക്കാൻ ഒരു നീക്കവുമില്ലെന്ന് ബഖായ് പറഞ്ഞു. അഫ്ഗാന് ഭൂമി കൊടുക്കുമെന്ന മൊഹ്സിൻ സൻഗനെയുടെ പ്രഖ്യാപനം ഇറാനിൽ വ്യാപക വിമർശനങ്ങൾക്ക് ഇടവച്ചിരുന്നു. തുടർന്നാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നത്. ഭൂമിയുടെ അവകാശം അഫ്ഗാന് കൊടുക്കുമെന്നല്ല പറഞ്ഞതെന്നും രാജ്യാന്തര വ്യാപാരത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കാനായി ഭൂമി ലഭ്യമാക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും മൊഹ്സിൻ സൻഗനെ പിന്നീട് വിശദീകരിച്ചു. ഹോർമുസിൽ നിന്ന് മാറിസ്ഥിതി ചെയ്യുന്ന ചബഹാർ തുറമുഖം ഇറാന് ഏറെ നിർണായകമാണ്. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യൻ രാജ്യങ്ങൾ, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ചെലവ് കുറച്ച് ചരക്കുനീക്കം നടത്താനുള്ള ഇന്ത്യയുടെ തന്തപ്രധാന കവാടവുമാണ് ചബഹാർ. യുദ്ധവും യുഎസിന്റെ ഉപരോധവും ചബഹാറിനെ ബാധിച്ചിട്ടുണ്ടെങ്കിലും ചബഹാറിലെ പ്രവർത്തനവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ തന്നെയാണ് ഇന്ത്യ. 1980ൽ പ്രവർത്തനം ആരംഭിച്ച ചബഹാർ തുറമുഖത്ത് രണ്ട് പ്രധാന ടെർമിനലുകളാണുള്ളത്. ഒന്ന്, ഷഹീദ് കലൻതാരി. മറ്റൊന്ന് ഇന്ത്യ വൻ നിക്ഷേപത്തോടെ സജ്ജമാക്കിയ ഷഹീദ് ബെഹെസ്തി. 12 കോടി ഡോളർ (ഏകദേശം 1200 കോടി രൂപ) ഷഹീദ് ബെഹെസ്തി തുറമുഖത്തിന്റെ നിർമാണത്തിനായി ഇന്ത്യ ചെലവഴിച്ചിട്ടുണ്ട്. പുറമേ വായ്പകളും ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന് കീഴിലെ ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനാണ് (ഐജിപിഎൽ) തുറമുഖത്തിന്റെ നിയന്ത്രണച്ചുമതല.
Travel ⏭️




