CINEMA

ക്ലൈമാക്‌സിൽ വിസ്‌മയയുടെ മാസ് ആക്ഷൻ ഫൈറ്റ്; തുടക്കത്തിന്റെ ബിടിഎസ് ദൃശ്യങ്ങൾ വൈറൽ


ഷൂട്ട് ചെയ്‌ത രംഗങ്ങൾ മോണിറ്ററിൽ കാണുന്ന വിസ്‌മയയും ആശിഷ് ജോ ആന്റണിയും

ജൂഡ് ആന്റണി ജോസഫ് അണിയിച്ചൊരുക്കിയ വിസ്‌മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ തുടക്കത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റ് ചിത്രീകരണത്തിന്റെ ആവേശകരമായ നിമിഷങ്ങൾ പങ്കുവച്ച് അണിയറ പ്രവർത്തകർ. ക്ലൈമാക്‌സ് ആക്ഷൻ രംഗങ്ങളുടെ ബിഹൈൻഡ് ദി സീൻസ് വീഡിയോകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ഷൂട്ട് ചെയ്‌ത രംഗങ്ങൾ മോണിറ്ററിൽ കണ്ടശേഷം ആവേശത്തോടെ തുള്ളിച്ചാടിയും സഹപ്രവർത്തകരെ ആലിംഗനം ചെയ്‌തും അവർക്ക് കൈകൊടുത്തും സന്തോഷം പങ്കിടുന്ന വിസ്‌മയ മോഹൻലാലിനെ ബിടിഎസ് വീഡിയോയിൽ കാണാം. ചിത്രത്തിൽ വില്ലനായെത്തുന്ന ആശിഷ് ആന്റണിയും തമ്മിലാണ് അവസാനത്തെ ഫൈറ്റ് സീൻ നടക്കുന്നത്. ഷൂട്ട് ചെയ്‌ത ദൃശ്യങ്ങളിൽ സംതൃപ്‌തരായി ഇരുവരും കൈകൊടുത്ത് ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഫ്രാൻസിൽനിന്നുള്ള ആക്ഷൻ കൊറിയോഗ്രാഫർ യാനിക് ബെൻ ആണ് അവസാനരംഗത്തിലെ ഫൈറ്റ് സംവിധാനം ചെയ്‌തിരിക്കുന്നത്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ സംഘട്ടനരംഗങ്ങൾ ഒരുക്കിയിട്ടുള്ള യാനിക് ബെന്നിനൊപ്പം സ്റ്റണ്ട് സിൽവയും തുടക്കത്തിലെ ആക്ഷൻ രംഗങ്ങളുടെ ഭാഗമായി. തായ്‌ലൻഡിന്റെ ആയോധനകലയായ മൊയ് തായ്‌ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഏറെ നാൾ മൊയ് തായ് പരിശീലനം നടത്തിയിട്ടുള്ള വിസ്‌മയയ്‌ക്ക് ചിത്രത്തിലെ ഫൈറ്റ് രംഗങ്ങൾ അനായാസം വഴങ്ങിയെന്നുതന്നെ പറയാം.

കൊവിഡ് കാലത്ത് തായ്‌ലൻഡിൽ കുടുങ്ങിപ്പോയ സമയത്താണ് വിസ്‌മയ മൊയ് തായ് പരിശീലിച്ചത്.തന്റെ ശരീരഭാരം കുറയ്‌ക്കുന്നതിന് മൊയ് തായ് ഏറെ ഫലപ്രദമായിട്ടുണ്ടെന്ന് വിസ്‌മയതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.


Business ⏭️

Back to top button